ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം ) ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി സംഘടിപ്പിച്ച
ലോക വദനാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുടംകല്ല് താലൂക്കാശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി രാംദാസ് ദിനാചരണ സന്ദേശം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസ്( ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി പുറത്തിറക്കിയ ബോധവല്‍ക്കരണ വീഡിയോ ‘ദന്താരോഗ്യം അറിയേണ്ടതെല്ലാം’, ദന്താരോഗ്യത്തെക്കുറിച്ചുളള ബോധവല്‍ക്കരണ ലഘുലേഖ എന്നിവയുടെ പ്രകാശനവും,എല്ലാ ലിംഗക്കാര്‍ക്കും, തുല്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, എല്ലാവര്‍ക്കും അവരര്‍ഹിക്കുന്ന ഇടം നല്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കി ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന ‘ഇടം’ ബോധവല്ക്കരണ ക്യാമ്പയിന്‍ ലോഗോ പ്രകാശനവും ഇ . ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു.

ബോധവല്‍ക്കരണ സെമിനാറില്‍ ‘ ദന്ത രോഗങ്ങളും ദന്ത പരിചരണവും’ എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രി ഡെന്റല്‍ സിവില്‍ സര്‍ജന്‍ ഡോ. പി പവിത്രന്‍ ക്ലാസ്സെടുത്തു.ദന്താരോഗ്യത്തെ കുറിച്ചു വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രശ്‌നോത്തരി മത്സരത്തില്‍ രാജപുരം സെന്റ് പയസ് കോളേജിലെ അഗസ്റ്റിന്‍ ടോം, മാന്യ കെ കെ, ഷെബിന്‍ ബി എന്നിവരും പുഞ്ചിരി മത്സരത്തില്‍ ദിയ, നന്ദന വിനോദ്, ഗീതു കൃഷ്ണ എന്നിവരും യഥാക്രമം ഒന്ന്,രണ്ട്, മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.