കളക്ടർ ഒരുക്കം വിലയിരുത്തി
ശംഖുമുഖത്ത് കടലിൽ കുളിക്കുന്നതിന് അനുമതിയില്ല
കർക്കടക വാവിന് ഒരാഴ്ച മാത്രം ശേഷിക്കെ ജില്ലയിലെ സ്‌നാനഘട്ടങ്ങളിൽ പിതൃതർപ്പണത്തിനുള്ള ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ. ജില്ലാ കളക്ടർ ഡോ. കെ. വാസുകിയുടെ നേതൃത്വത്തിൽ ഇന്നലെ പ്രധാന കേന്ദ്രങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തി.
കടൽ പ്രക്ഷുബ്ധമായിരിക്കുന്നതിനാൽ ശംഖുമുഖത്തു കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സ്ഥലം സന്ദർശിച്ച ശേഷം കളക്ടർ പറഞ്ഞു. കടലിന് അഭിമുഖമായിട്ടുള്ള 20 മീറ്റർ സ്ഥലത്തു മാത്രമേ ബലിതർപ്പണത്തിന് അനുമതി നൽകൂ. പ്രത്യേക സാഹചര്യം കണക്കിലെടുത്തു ശംഖുമുഖത്ത് പതിവായി പിതൃതർപ്പണം നടത്തുന്നവർ ജില്ലയിലെ മറ്റു സ്‌നാനഘട്ടങ്ങളിൽ പോകാൻ തയാറാകണമെന്നും കളക്ടർ അഭ്യർഥിച്ചു.
സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ശംഖുമുഖത്തു കടലിൽ ലൈഫ് ഗാർഡുമാരുടെ മതിൽ ഒരുക്കും. കടലിൽ കുളിക്കുന്നതിന് ആരെയും അനുവദിക്കില്ല. ആളുകളെ സംഘങ്ങളായി മാത്രമേ കടപ്പുറത്തേക്കു പ്രവേശിപ്പിക്കൂ എന്നും പൊലീസ് ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും കളക്ടർ പറഞ്ഞു.
ശംഖുമുഖത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ കൂടുതൽ ആളുകൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് പതിവായി ഒരുക്കുന്ന എട്ടു മണ്ഡപങ്ങൾക്കു പുറമേ ഒരെണ്ണം കൂടി പ്രത്യേകമായി ഒരുക്കും. ഒരേ സമയം 4500 പേർക്ക് ബലിതർപ്പണത്തിനുള്ള സൗകര്യമുണ്ടാകും. ഇവിടുത്തെ താത്കാലിക നടപ്പാലവും കളക്ടർ പരിശോധിച്ചു. നിർമാണം പൂർത്തിയായ ശേഷം പൊതുമരാമത്ത് വകുപ്പ് അധികൃതർ പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് പ്രത്യേക പരിശോധന നടത്താൻ നിർദേശിച്ചു.
വർക്കല പാപനാശം കടപ്പുറത്ത് കുന്ന് ഇടിയുന്ന സാഹചര്യം നിലനിൽക്കുന്നതനാൽ ഇവിടെ പ്രത്യേക സുരക്ഷ ഒരുക്കാൻ റവന്യൂ അധികൃതർക്കു നിർദേശം നൽകി. പിതൃതർപ്പണം നടക്കുന്ന ഭാഗത്ത് ഫെൻസിങ് ഒരക്കും.
ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, പോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ജെ.കെ. ദിനിൽ എന്നിവരും റവന്യൂ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.