സംസ്ഥാനത്ത് ഓട്ടോ – ടാക്സി ചാർജ് വർധന സംബന്ധിച്ചു ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു ചർച്ച നടത്തി. ഇത് സംബന്ധിച്ചു ശുപാർശ നൽകാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനെ സർക്കാർ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റി സർക്കാരിനു സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണു മന്ത്രിതല ചർച്ച നടന്നത്.
നിലവിലെ ഭീമമായ ഇന്ധന വിലയുടെ അടിസ്ഥാനത്തിൽ ഓട്ടോ – ടാക്സി ചാർജ് വർധന അനിവാര്യമാണെന്ന വാഹന ഉടമകളുടെയും യൂണിയനുകളുടെയും ആവശ്യം ന്യായമാണെന്നാണു ചർച്ചയിലുണ്ടായ പൊതുവായ ധാരണയെന്നു മന്ത്രി പറഞ്ഞു. ഓട്ടോറിക്ഷകൾക്ക് നിലവിലുള്ള മിനിമം ചാർജ് 25 രൂപയിൽ നിന്ന് 30 ആക്കി വർധിപ്പിക്കാനും തുടർന്നുള്ള ഓരോ കിലോമീറ്ററിനും നിലവിലുള്ള 12 രൂപയിൽ നിന്നു 15 രൂപയായി വർധിപ്പിക്കാനുമാണു കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിക്കു പുറത്ത് 50 ശതമാനം അധിക നിരക്കും, രാത്രി കാല യാത്രയിൽ നഗര പരിധിയിൽ 50 ശതമാനം അധിക നിരക്കും നില നിർത്തണമെന്നും വെയ്റ്റിംഗ് ചാർജ് 15 മിനിറ്റിന് 10 രൂപ എന്നത് നിലവിൽ ഉള്ളതുപോലെ തുടരുവാനുമാണ് കമ്മറ്റിയുടെ നിർദേശം.
1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് നിലവിലുള്ള 175 രൂപയിൽ നിന്ന് 210 ആയും കിലോമീറ്റർ ചാർജ് 15 രൂപയിൽ നിന്ന് 18 രൂപയായും 1500 സിസിയിൽ അധികമുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 200 രൂപയിൽ നിന്ന് 240 രൂപയായും, കിലോമീറ്റർ നിരക്ക് 17 രൂപയിൽനിന്ന് 20 ആയും വർധിപ്പിക്കാനാണ് കമ്മറ്റി ശുപാർശ നൽകിയിട്ടുള്ളത്. വെയ്റ്റിംഗ് ചാർജ് നിലവിലുള്ളതുപോലെ മണിക്കൂറിന് 50 രൂപയായും ഒരു ദിവസം പരമാവധി 500 രൂപയായും നിലനിർത്തണമെന്നും ശുപാർശയുണ്ട്.
കമ്മറ്റി സമർപ്പിച്ച വിവിധ നിർദേശങ്ങളെക്കുറിച്ചു സർക്കാർതലത്തിൽ ചർച്ചചെയ്തു തീരുമാനമെടുക്കുമെന്നു മന്ത്രി പറഞ്ഞു. ജസ്റ്റിസ് എം. രാമചന്ദ്രൻ, ഗതാഗത കമ്മിഷണർ എം.ആർ. അജിത്കുമാർ, കമ്മറ്റി അംഗങ്ങളായ എൻ. നിയതി, ടി. ഇളങ്കോവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.