പഞ്ചായത്ത്, നഗരസഭ, നഗരാസൂത്രണം, ഗ്രാമാസൂത്രണം, എന്‍ജിനീയറിങ് വിഭാഗം എന്നീ വകുപ്പുകള്‍ ഏകീകരിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് രൂപീകരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം കേരളമാണെന്നും ജനങ്ങള്‍ക്ക് അവകാശപ്പെട്ട സേവനം സമയബന്ധിതമായി ലഭ്യമാക്കുകയാണിതിന്റെ ലക്ഷ്യമെന്നും മന്ത്രി എം. വി. ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. നവകേരള തദ്ദേശകം ജില്ലാതല യോഗം തൊടുപുഴ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണധാകാരികളെന്ന മനസ്സാണ് പല തദ്ദേശ ഭരണ സ്ഥാപന ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും. ഇത് തിരുത്തണം. സേവനമാണ് നിര്‍വ്വഹിക്കാനുള്ളത്. അപേക്ഷയുമായി ഓഫീസിലെത്തി ആശ്രയിക്കുന്നവര്‍ ആശ്രിതാരണെന്ന ധാരണ ഭരണ സ്ഥാനങ്ങളിലുള്ളവര്‍ തിരുത്തണം. സേവന നല്‍കുകയെന്നത് ഭരണ നിര്‍വ്വഹണത്തിലുള്ളവരുടെ കടമയാണ്. ലഭിക്കുകയെന്നത് ജനങ്ങളുടെ അവകാശമാണ്. നികുതി പണം കൊണ്ട് ശമ്പളം പറ്റുന്നവര്‍ ജനങ്ങളുടെ യജമാനന്‍മാരല്ല സേവകരാണ്. ഇത് എപ്പോഴും ജനപ്രതിനിധികളുടേയും ജീവനക്കാരുടയും മനസ്സില്‍ ഉണ്ടാകണം. ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സേവനം കൃത്യസമയത്ത് ലഭിക്കണം. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ളതാകണം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. സമൂഹത്തിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ളതു കൂടിയായിരിക്കണം. അഞ്ചു വകുപ്പുകളിലായി ഉണ്ടായിരുന്ന കേരളത്തിലെ 37000 ജീവക്കാരെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നു ഫലപ്രദമായി നയിച്ചാല്‍ ജനങ്ങള്‍ക്ക് സേവനവും സമൂഹത്തിന് വികസനവും വേഗത്തില്‍ കൊണ്ടുവരാന്‍ കഴിയും.
മാലിന്യ സംസ്‌ക്കരണം ഉറവിടത്തില്‍ തന്നെയും കേന്ദ്രീകൃതമായും ശാസ്ത്രീയമായും കൈകാര്യം ചെയ്ത് സംസ്ഥാനത്തെ തെളിനീരൊഴുകുന്ന നാട് എന്ന അവസ്ഥയിലെത്തിക്കണം. 50 വര്‍ഷം മുന്നില്‍ കണ്ടായിരിക്കണം സിവേജ് പ്ലാന്റുകള്‍ വിഭാവനം ചെയ്യേണ്ടത്. മരണ നിരക്ക്ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ശിശു മരണ നിരക്കും കേരളത്തില്‍ വളരെ ഏറെ താഴെയാണ്. കേരളം ഇന്നത്തെ നില കൈവരിച്ചത് 1969 കാര്‍ഷിക ഭൂപരിഷ്‌കരണ ഭേദഗതി നിയമം മുതല്‍ ജന്മിത്വ വ്യവസ്ഥയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതു വഴിയാണ്. 36 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ച് സെന്റ് മുതല്‍ 15 ഏക്കര്‍ വരെ ഭൂമി നിയമത്തിന്റെ ഫലമായി ലഭിച്ചു. സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണം എന്നിവയിലൂടെയും കൂടിയാണ് കേരളം ഇന്നത്തെ നിലയിലെത്തിയത്.
മന്ത്രിസഭയുടെ ആദ്യഅജണ്ടയില്‍ തന്നെ അതിദരിദ്രരുടെ കണക്കെടുക്കുന്നതിന് തീരുമാനിച്ചു. ഇതിനായി 100 കോടി രൂപ ബജറ്റില്‍ മാറ്റിവെച്ചു. ഇവരെകൂടി പൊതുസമൂഹത്തിന്റെ ഭാഗമാക്കുവാന്‍ വേണ്ടിയാണിത്. ഭൂമിയില്ലാത്ത 2.5 ലക്ഷം പേരെ സര്‍വ്വെയിലൂടെ കണ്ടെത്തി. മനസ്സോടിത്തിരിമണ്ണ് എന്ന പദ്ധതിയിലൂടെ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്താനുള്ള പദ്ധതി ആരംഭിക്കുകയാണ്. എല്ലാവര്‍ക്കും വീട്, ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നവസംഭരകരെ കണ്ടെത്തണം. 20 ലക്ഷം പേര്‍ക്ക് ജോലി നല്‍കുന്നതിന് കെ-ഡിസ്‌ക് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. വാതില്‍പ്പടി സേവനം ഗുണഭോക്താക്കളെ കണ്ടെത്തി സേവനം നല്‍കുന്നതിനും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ഒരു കളിസ്ഥലമെങ്കിലും ഇല്ലാത്ത ഒരു പഞ്ചായത്തും ഉണ്ടാകാന്‍ പാടില്ല. ഒരു കളിയുടേയെങ്കിലും ടീമും എല്ലാ പഞ്ചായത്തിലും ഉണ്ടാകണം. സാംസ്‌കാരിക സ്ഥാപനങ്ങളായ ക്ലബുകള്‍, വയാനശാലകള്‍ എന്നിങ്ങനെ സന്തോഷമുള്ള ജനതയുടെ നാടാകണം നമ്മുടേത്. മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവിധ പദ്ധതികളുടെ നിര്‍വ്വഹണം ത്വരിതപ്പെടുത്തലും ഫലപ്രദമായ നടപ്പാക്കലും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം സംഘടിപ്പിച്ചത്. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പും പൊതു സര്‍വ്വീസും, പതിനാലാം പദ്ധതി – സമീപനവും ലക്ഷ്യവും, നവകേരള കര്‍മ്മ പദ്ധതി തെളിനീരൊഴുകും നവകേരളം, ശുചിത്വം, മാലിന്യ സംസ്‌കരണം, ലൈഫ് ഭവന പദ്ധതി – മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്‍, അതിദാരിദ്ര്യ ലഘൂകരണം – മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍, വാതില്‍പ്പടി സേവനം വിപുലീകരണം, തൊഴില്‍ ദാതാക്കളാകല്‍ -1000 ജനസംഖ്യയില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍ – കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തലും വ്യവസായ വകുപ്പ് ലഭ്യമാക്കുന്ന ഇന്റേണുകളുടെ സേവനം ഉപയോഗപ്പെടുത്തലും എന്നീ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ മന്ത്രി യോഗത്തില്‍ അവതരിപ്പിച്ചു.തൊടുപുഴ നഗരസഭാ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു.