ജലാശയങ്ങളിലൂടെ ശുചീകരണത്തിനും വീണ്ടെടുപ്പിനുമായി നവകേരള മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന തെളിനീരോഴുകും നവകേരളം പദ്ധതി ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ടൗണ്‍ ഹാളില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം നടത്തി. ലോഗോ പ്രകാശനം നിര്‍വ്വഹിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന് കൈമാറിക്കൊണ്ട് നവകേരളം പദ്ധതി മാര്‍ഗ്ഗരേഖയും മന്ത്രി പ്രകാശനം ചെയ്തു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അസ്സോസിയേഷന്‍ പ്രസിഡന്റ് പി. എം നൗഷാദ്, ഗ്രാമപഞ്ചായത്ത് അസ്സോസിയേഷന്‍ പ്രസിഡന്റ് എം ലതീഷ്, തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എം. പി അജിത് കുമാര്‍, ഗ്രാമ വികസന ജോയിന്റ് ഡവലപ്പമെന്റ് കമ്മീഷണര്‍ ജി കൃഷ്ണകുമാര്‍, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ കെ. വി. കുര്യാക്കോസ്, ശുചിത്വമിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ പി. എ ജസീര്‍, റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ അരുണ്‍, തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 22 വരെ നീണ്ടു നില്‍ക്കുന്ന വിപുലമായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്. ജലാശയങ്ങള്‍ ജനപങ്കാളിത്തത്തോടു കൂടി ശൂചീകരിച്ച് മാലിന്യ മുകതമാക്കി നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യം.
വീടുകളിലും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും മലിന ജല സംസ്‌ക്കരണത്തിനും കക്കൂസ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഖരമാലിന്യ സംസ്‌ക്കരണത്തിനും ശാസ്ത്രീയ സംവിധാനങ്ങളൊരുക്കി ജല സ്രോതസ്സുകളിലേക്കുള്ള മാലിന്യ നിക്ഷേപം ഇല്ലാതാക്കി ജല ശുചിത്വത്തില്‍ സുസ്ഥിരത കൈവരിക്കുക, അതിലൂടെ ഖര- ദ്രവ മാലിന്യ പരിപാലനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലെത്തിക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പരിധിയിലെ ജല സ്രോതസ്സുകളിലെ മലിനീകരിക്കപ്പെട്ട ഇടങ്ങള്‍ കണ്ടെത്തുക. മലിനമായ ഉറവിടങ്ങള്‍ കണ്ടെത്തി പട്ടികപ്പെടുത്തിയും ജനകീയ പങ്കാളിത്തത്തോടെ മലിനീകാരികളായ ഉറവിടങ്ങളെ നീക്കം ചെയ്ത് ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അവിഷ്‌കരിച്ച് നടപ്പിലാക്കുക, സമ്പൂര്‍ണ്ണ ജല ശുചീകരണ യജ്ഞത്തിലൂടെ ജലസ്രോതസ്സുകളുടെ വൃത്തിയും ശുചിത്വവും നിലനിര്‍ത്തുക, വാതില്‍പ്പടി പാഴ് വസ്തു ശേഖരണം കാര്യക്ഷമമാക്കിയും ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ എല്ലാ തലങ്ങളിലോരുക്കിയും ജലസ്രോതസ്സുകളിലേക്ക് മാലിന്യം എത്തുന്നത് തടയുക, ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുക, തീവ്ര വിവര വിജ്ഞാന വ്യാപന ക്യാമ്പയിനിലൂടെ ‘ ജലസ്രോതസ്സുകള്‍ നമ്മുടേതാണ് അത് മാലിന്യ മുക്തമാക്കി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് ‘എന്ന സന്ദേശം പൊതുജന മധ്യത്തിലെത്തിക്കുക എന്നിവയാണ് ക്യാമ്പയിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍.