പത്തനംതിട്ട ജില്ലാ പഞ്ചായത്തും ക്ലീന്‍ കേരള കമ്പനിയും സംയുക്തമായി ആരംഭിക്കുന്ന സമഗ്ര പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണത്തിനായി ധാരണാപത്രം ഒപ്പിട്ടു. കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ ഒരു ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന സംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മാണ ചെലവ് 5.81 കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്റ് നിര്‍മിക്കുന്നത്. നിര്‍മാണത്തിനാവശ്യമായ പണം ക്ലീന്‍ കേരളാ കമ്പനിയും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ചെലവഴിക്കാനാണ് തീരുമാനം. ഈ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നും ജില്ലാ പഞ്ചായത്ത് ആദ്യ ഗഡുവായി 1.5 കോടി രൂപ ഇതിനായി നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ പഞ്ചായത്തും സര്‍ക്കാരും ചേര്‍ന്ന് ഇത്തരമൊരു പ്ലാന്റ് സ്ഥാപിക്കുന്നത്.

ത്രിതല പഞ്ചായത്തുകളും നഗരസഭകളും ചേര്‍ന്ന് ജില്ലയില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റ് ആരംഭിക്കുന്നത്. ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളിലും നഗരസഭകളിലും ശേഖരിക്കുന്ന പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും ബ്ലോക്ക് തലത്തില്‍ തരം തിരിച്ച ശേഷം ഈ പ്ലാന്റില്‍ എത്തിക്കുകയും തുടര്‍ന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനരുപയോഗത്തിന് സാധ്യമാകുന്ന വിധത്തില്‍ സംസ്‌കരണം നടത്തുകയും ചെയ്യും.

പതിനായിരം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടവും പ്ലാസ്റ്റിക് തരം തിരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ആവശ്യമായ യന്ത്രോപകരണങ്ങളും ഇവിടെ ഉണ്ടാകും. വൈദ്യുതി ലഭ്യമാക്കുന്നതിന് 100 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റും സ്ഥാപിക്കും. ഒരു ദിവസം അഞ്ച് ടണ്‍ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാനും 500 ടണ്‍ സൂക്ഷിക്കാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ കണ്‍വീനറുമായ ഒരു മാനേജിംഗ് കമ്മിറ്റിയായിരിക്കും പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നേട്ടം വഹിക്കുന്നത്.