പൊതുവിദ്യാലയങ്ങളോട് ചേര്‍ന്ന് ബഡ്സ് സ്‌കൂളുകള്‍ ആരംഭിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടക്കുന്ന ബഡ്സ് സ്‌കൂള്‍ ജില്ലാ കലോത്സവം ‘ശലഭങ്ങള്‍ 2022’ന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പൊതുസമൂഹവുമായി വേഗത്തില്‍ ഇടപെടുന്നതിനും സ്വയംപര്യാപ്തമാകുന്നതിനും പൊതുവിദ്യാലയങ്ങളോട് ചേര്‍ന്നുള്ള ബഡ്സ് സ്‌കൂള്‍ വിദ്യാഭ്യാസം സഹായകരമാകും. ഇതുവഴി മാത്രമേ കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കാനും സാധാരണ ജീവിതത്തിലേക്ക് അവരെ കൊണ്ടുവരാനും സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ തൊഴില്‍ സംരംഭകരാകുന്ന നിലയിലേക്ക് വളരാനും ഈ വിദ്യാഭ്യാസ രീതി സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. മലപ്പുറം മണ്ഡലത്തിലെ കോഡൂര്‍, മൊറയൂര്‍ എന്നീ ബഡ്സ് സ്‌കൂളുകളുടെ വികസനത്തിന് യഥാക്രമം 60, 50 ലക്ഷം രൂപവീതം ഫണ്ട് അനുവദിച്ചതായി എം.എല്‍.എ പറഞ്ഞു. സെലിബ്രിറ്റി അതിഥി സാജു നവോദയ, ജില്ലാ കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് എന്നിങ്ങനെ പ്രമുഖര്‍ പങ്കെടുത്തു. ജില്ലയിലെ മികച്ച ബഡ്സ് സ്‌കൂളുകള്‍ക്കുള്ള പുരസ്‌ക്കാരം മാറഞ്ചേരി സ്‌പെക്ട്രം ബഡ്സ് സ്‌കൂള്‍, പാണ്ടിക്കാട് പ്രതീക്ഷ ബഡ്സ് സ്‌കൂള്‍, തിരൂര്‍ ബഡ്സ് സ്‌കൂള്‍ എന്നി സ്‌കൂളുകള്‍ക്ക് മന്ത്രി വി.അബ്ദുറഹിമാന്‍ വിതരണം ചെയ്തു. മികച്ച അധ്യാപകര്‍ക്കുള്ള പുരസ്‌കാരവും വിതരണം ചെയ്തു.