ഹോമിയോപ്പതി വകുപ്പിന് കീഴിലെ ‘ജനനി’ വന്ധ്യതാ ചികിത്സയിലൂടെ ജനിച്ച കുട്ടികളുടെ സംഗമം ആഘോഷമായി. മലപ്പുറം പി.എം.ആര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി വകുപ്പിന്റെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും വകുപ്പിന് ആവശ്യമായ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പി ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജനനി വന്ധ്യതാ ചികിത്സ; ജില്ലയില്‍ പിറന്നത് 107 കുട്ടികള്‍
വന്ധ്യത നിവാരണ പദ്ധതിയുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്റെ സൗജന്യ ചികിത്സയായ ‘ജനനി’യിലൂടെ ജില്ലയില്‍ പിറന്നത് 107 കുട്ടികള്‍. മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആഴ്ചയില്‍ ഒരു ദിവസം തുടങ്ങിയ ചികിത്സ ഇന്ന് ആറുദിവസങ്ങളിലായി നടക്കുന്നുണ്ട്. ചികിത്സക്കെത്തുന്നവരുടെ തിരക്ക് വര്‍ധിച്ചതോടെയാണ് ആറ് ദിവസമാക്കിയത്. വിവാഹിതരായി വര്‍ഷങ്ങള്‍ക്ക് ശേഷവും കുട്ടികളില്ലാതെ വിഷമിക്കുന്നവരാണ് ഇവിടെ ചികിത്സക്കെത്തുന്നത്. സ്ത്രീകളുടെ മാനസികാരോഗ്യ ചികിത്സക്കായി ആരംഭിച്ച സീതാലയം പദ്ധതിയുടെ ഭാഗമായി 2014 ലാണ് വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെ തുടക്കം. 2019ല്‍ ജനനി എന്ന പേരില്‍ പ്രത്യേക പദ്ധതിയാക്കി. ചികിത്സയ്‌ക്കെത്തുന്ന ഓരോ ദമ്പതികളെയും വിശദമായ പഠിച്ച് ആധുനിക പരിശോധന സംവിധാനങ്ങളുടെ സഹായത്തോടെ വന്ധ്യതയുടെ കാരണങ്ങള്‍ കണ്ടെത്തി ചികിത്സ നല്‍കുകയാണ് ചെയ്യുന്നത്. ദമ്പതികളുടെ മാനസികാരോഗ്യത്തിനായി സൈക്കോളജിസ്റ്റിന്റെ സേവനവും ലഭിക്കും.