ജീവനക്കാരുടെ നൈപുണ്യ വികസനവും സമഗ്രമായ പുരോഗതിയും ലക്ഷ്യമിട്ട് മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ തൊഴിലാളികള്‍ക്ക് വുഡ്‌ബൈന്‍ ഫോളിയേജില്‍ സ്‌കില്‍ ഡവലപ്‌മെന്റ് ആന്‍ഡ് മോട്ടിവേഷന്‍ ട്രെയിനിങ് സംഘടിപ്പിച്ചു. റിയാബും മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡും സംയുക്തമായി മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി തുറമുഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.

തൊഴിലാളികള്‍ക്ക് പ്രത്യേകം ലഭിക്കുന്ന പരിശീലനങ്ങള്‍ പ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ അവര്‍ക്ക് പ്രചോദനമാകുമെന്ന് മന്ത്രി പറഞ്ഞു.ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വച്ച് സ്പിന്നിങ് മില്‍സ് സംഘടിപ്പിച്ച കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ്, ഏകദിന ഫുഡ്‌ബോള്‍ ക്യാമ്പ് എന്നിവയും കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മില്‍ റിക്രിയേഷന്‍ ക്ലബ് നടത്തിയ ക്രിയാത്മകമായ ഇടപെടലുകലും ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. മില്ലിലെ 300 ഓളം ജീവനക്കാര്‍ക്കാണ് ട്രെയിനിങ് സംഘടിപ്പിച്ചത്.

മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ്‌സ് മില്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ പി. മുഹമ്മദ് യൂസഫ് അധ്യക്ഷനായി. മാനേജിങ് ഡയറക്ടര്‍ എം.കെ സലീം, മില്‍ പേഴ്‌സണല്‍ ഓഫീസര്‍ മുഹമ്മദ് കുട്ടി, ഡെപ്യൂട്ടി മാനേജര്‍ കെ.കെ രാജന്‍, യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.