കാട്ടാക്കട താലൂക്കിലെ ആമച്ചല്‍ ഏലായില്‍ ഹരിത കേരള മിഷന്‍ വഴി നടപ്പാക്കുന്ന പമ്പ് ഹൗസിന്റെയും ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിച്ചു. കാട്ടാക്കട മണ്ഡലത്തിൽ കുടിവെള്ള കണക്ഷൻ ലഭിക്കാനുള്ള 57,943 വീടുകളിൽ ഉടൻ അത് ലഭ്യമാക്കുമെന്നും  മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി 256 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  ഈ പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാൻ ജലവിഭവ വകുപ്പിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. നെയ്യാർ നദിക്ക് കുറുകെ ചെക്ക്ഡാം പണിയുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

പത്തേക്കറിൽ കൃഷി ചെയ്യുന്നതിനുള്ള സമ്മതപത്രം ചടങ്ങിൽ  കർഷകർ മന്ത്രിക്ക് നൽകി.
പത്തേക്കറിൽ നെൽകൃഷി നടപ്പാക്കുന്നത് വിജയമായാൽ  ഏലയുടെ പഴയ  പ്രതാപം വീണ്ടെടുക്കാൻ ആകുമെന്നും  തിരുവനന്തപുരം ജില്ലയുടെ നെല്ലറയായി നാഞ്ചല്ലൂർ ഏല  മാറുമെന്നും  അദ്ധ്യക്ഷത വഹിച്ച ഐ.ബി.സതീഷ് എം.എല്‍.എ പറഞ്ഞു.
ജലമാണ് വികസനത്തിന്റെ അടിസ്ഥാനം. കാട്ടാക്കട മണ്ഡലത്തിലെ കിണർ റീചാർജിങ് ഈ വർഷം തന്നെ എല്ലാ പഞ്ചായത്തിലും പൂർണ്ണമായി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആമച്ചൽ കുളത്തിനു സമീപമുള്ള പൈതല ഏലായിലെ 20 ഹെക്ടറോളം വരുന്ന പാടശേഖരങ്ങളിൽ നെൽകൃഷി ചെയ്യുന്നതിന് ആവശ്യമായ വെള്ളം നെയ്യാറിൽ നിന്ന് പൈതല കുളത്തിലേക്ക് പമ്പ് ചെയ്ത് എത്തിക്കുന്നതിനായി ജലസേചനവകുപ്പ് വിഭാവനം ചെയ്ത പദ്ധതിയാണിത്. പമ്പ് ഹൗസ്, 50 എച്ച്. പി ,10 എച്ച്.പി പമ്പ്, നടപ്പാലം, ജല വിതരണത്തിനായി വി.സി. ബികൾ എന്നിവ ഉൾപ്പെടെ ഒരു കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, കാട്ടാക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലതാകുമാരി,   ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ലാന്‍ഡ് യൂസ് ബോര്‍ഡ് കമ്മീഷണർ എ.നിസാമുദ്ദീന്‍, ചീഫ് എൻജിനീയർ അലക്സ് വർഗീസ് തുടങ്ങിയവര്‍  പങ്കെടുത്തു.