ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന തെളിനീര് ഒഴുകും നവകേരളം ക്യാമ്പയിന് ചെമ്മരുതി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഏപ്രില്‍ 22 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ പഞ്ചായത്തിലെ ജലാശയങ്ങളെ മാലിന്യമുക്തമാക്കി, അവയ്ക്ക് തടസം കൂടാതെ ഒഴുകാനുള്ള സൗകര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം.
ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കല്ലണ്ണയാര്‍ വൃത്തിയാക്കിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ ബിറില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരുമാസം നീണ്ട് നില്‍ക്കുന്ന പദ്ധതിയില്‍ ജനകീയ പങ്കാളിത്തത്തോടെ ജലസ്രോതസുകളെ വൃത്തിയാക്കി, അവയെ സംരക്ഷിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
പുഴ നടത്തം, ജലസഭ കൂടുക, പുഴകളിലേക്ക് എത്തുന്ന മാലിന്യങ്ങളുടെ ഉറവിടം കണ്ടെത്തല്‍ എന്നിവയും ക്യാമ്പയിനില്‍ ഉള്‍പ്പെടുന്നു. ജലസ്രോതസുകളെ വൃത്തിയാക്കുന്നതിന് വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പ്രദേശവാസികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.