പാറശാല ബ്ലോക്ക് പഞ്ചായത്ത് നിര്‍മിക്കുന്ന പാറശാല പൊന്നമ്മാള്‍ സ്മാരക ലൈബ്രറിക്കായി നടത്തുന്ന പുസ്തക സമാഹരണ യാത്ര മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിലേക്ക് മന്ത്രി പുസ്തകള്‍ സംഭാവന ചെയ്തു. വര്‍ത്തമാനകാലത്തില്‍ വായനയ്ക്ക് കൂടുതല്‍ പരിഗണന ലഭിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

ബ്ലോക്കിന് കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലും പുസ്തക സമാഹരണ യാത്ര നടത്തും. പുസ്തകങ്ങള്‍ നേരിട്ട് കൈമാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ നിര്‍മിക്കുന്ന ലൈബ്രറിയിലേക്കായി ആദ്യഘട്ടത്തില്‍ പൊതുജനങ്ങളില്‍ നിന്ന് പുസ്തകങ്ങള്‍ നേരിട്ട് സ്വീകരിക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്.

മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെന്‍ഡാര്‍വിന്‍, വൈസ് പ്രസിഡന്റ് അല്‍വേഡിസ.എ, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍ എന്നിവരും പങ്കെടുത്തു.