കരുപ്പൂര് ഗവണ്മെന്റ് ഹൈസ്‌കൂളിൽ വലിയമല എല്‍.പി.എസ്.സി – എന്‍.എസ്.ഐ.എല്‍ – ന്റെ സഹകരണത്തോടെ നിർമ്മിച്ച ഡൈനിംഗ് ഹാളിൻ്റെ ഉദ്ഘാടനം മന്ത്രി ജി.ആര്‍ അനില്‍ നിർവഹിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ തങ്ങളുടെ ലാഭവിഹിതത്തിൽ നിന്നും നാടിൻ്റെ വികസനത്തിനായി നടത്തുന്ന സംഭാവനകൾ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിദ്യാലയങ്ങൾക്കുള്ള എന്താവശ്യങ്ങളും സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്നും ഇക്കാര്യത്തിൽ അതിവേഗത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറേ വർഷം മുമ്പ് വരെ ഒരു കുട്ടി പോലും ജയിക്കാത്ത സ്കൂളുകളും കേരളത്തിലുണ്ടായിരുന്നു .എന്നാൽ സർക്കാർ വിദ്യാലയങ്ങൾ ഇന്ന് മുഴുവൻ എ പ്ളസ് വാങ്ങുന്ന മികവിൻ്റെ കേന്ദ്രങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

നൂറോളം കുട്ടികൾക്കിരിക്കാവുന്ന ഡൈനിംഗ് ഹാൾ  നിർമിച്ചതിനൊപ്പം സ്കൂളിലേക്ക് 100 ഡെസ്ക്, 100 ബെഞ്ച്, 300 കസേര, 2 വൈറ്റ് സ്ക്രീൻ എന്നിവയും വലിയമല എല്‍.പി.എസ്.സി സ്കൂളിന് സമർപ്പിച്ചു. നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീജ സി.എസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വലിയമല എല്‍.പി.എസ്.സി ഡയറക്റ്റര്‍ വി. നാരായണന്‍, നഗരസഭ അംഗങ്ങള്‍, ഹെഡ്മാസ്റ്റര്‍ കെ. ഷാജഹാന്‍, അധ്യാപകര്‍ തുടങ്ങിയവരും പങ്കെടുത്തു.