അണ്ടൂർക്കോണം മൃഗാശുപത്രിയിൽ ആംബുലൻസ് സേവനം മന്ത്രി ഫ്ലാഗ് ഓഫ്‌  ചെയ്തു  

എല്ലാ ജില്ലകളിലും ടെലി വെറ്ററിനറി യൂണിറ്റുകൾ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. അണ്ടൂർക്കോണം മൃഗാശുപത്രിയിലെ ആംബുലൻസ് സേവനം ഫ്ലാഗ് ഓഫ്‌  ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കന്നുകാലി കർഷകരുടെ വീട്ടുപടിക്കലെത്തി രോഗനിർണ്ണയം നടത്തി ചികില്‍സ നൽകുകയാണ് ടെലി വെറ്ററിനറി യൂണിറ്റിന്റെ ലക്ഷ്യം.തീറ്റപ്പുൽ കൃഷി  വ്യാപിപ്പിക്കുമെന്നും ക്ഷീര  കർഷകരെ സഹായിക്കാൻ വൈവിധ്യമാർന്ന പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കന്നുകാലികൾക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും.  കർഷകരുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കും .കർഷകരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഈ  മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്നും  മന്ത്രി പറഞ്ഞു.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അധ്യക്ഷനായി. അണ്ടൂർക്കോണം  ഗ്രാമപഞ്ചായത്തിനെ രണ്ട് വർഷത്തിനുള്ളിൽ  തരിശുരഹിത പഞ്ചായത്ത് ആക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. രാത്രി കാലങ്ങളിലും മൃഗ ഡോക്ടറുടെ സേവനം  പഞ്ചായത്തിലെ എല്ലാ കർഷകരുടെയും   വീട്ടുമുറ്റത്തു ലഭ്യമാക്കുമെന്ന് അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ്‌ എസ്. ഹരികുമാർ പറഞ്ഞു .അണ്ടൂർക്കോണം മൃഗാശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഡോക്ടർമാർ, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.