കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ മന്ത്രി ഉദ്ഘാടനം ചെയ്തു

തദ്ദേശഭരണ സ്ഥാപനങ്ങൾ തൊഴിൽദാതാവ് എന്ന രൂപത്തിലേക്ക് പരിവർത്തനപ്പെടണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആയിരത്തിൽ അഞ്ച് പേർക്ക് ജോലി എന്ന ലക്ഷ്യപൂർത്തീകരണത്തിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ  45.44 ലക്ഷം കുടുംബങ്ങൾ കുടുംബശ്രീയുടെ ഭാഗമാണ്. വാർഡ് അടിസ്ഥാനമാക്കി ഇരുപതിനായിരത്തോളം കുടുംബശ്രീ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പരാശ്രയമില്ലാത്തവർക്ക് വാതിൽപ്പടി സേവനം സഹായകമാണെന്നും സംസ്ഥാനമൊട്ടാകെ വാതിൽപ്പടി സേവനം മികച്ച രീതിയിൽ ലഭ്യമാക്കുന്നതിന് പദ്ധതികൾ ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

എം. വിൻസെന്റ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തുകൃഷ്ണ, വൈസ് പ്രസിഡന്റ് സരിത.വി, മറ്റ് ജനപ്രതിനിധികൾ , പഞ്ചായത്ത് ജീവനക്കാർ എന്നിവരും പങ്കെടുത്തു.