നവകേരള തദ്ദേശകം 2022 സംഘടിപ്പിച്ചു

ജനങ്ങളെ ഭരിക്കുകയല്ല അവർ ആഗ്രഹിക്കുന്ന രീതിയിൽ സേവിക്കുകയാണ് പ്രാദേശിക സർക്കാരുകളായി പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടന്ന നവകേരള തദ്ദേശകം 2022 ന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്ത അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾക്ക് അർഹതപ്പെട്ട സേവനങ്ങൾ കൃത്യമായി ലഭ്യമാക്കാൻ നിയോഗിക്കപെട്ടവരാണെന്ന ചിന്ത ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഉണ്ടാകണം. ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ എല്ലാ മേഖലകളിലും നവീകരിക്കപ്പെടാതെ നാടിന് മുന്നേറാനാവില്ല. നവീകരിക്കപ്പെടുന്നതിന്റെ നേട്ടം ജനങ്ങൾക്ക് ലഭിക്കുകയും വേണം. ജനസേവനം എളുപ്പത്തിൽ നൽകുന്നതിന് ചിട്ടവട്ടങ്ങളിൽ തടഞ്ഞിടാതെ ഫയലുകളിൽ വേഗത്തിൽ നടപടിയെടുക്കണം. അഞ്ചോളം വകുപ്പുകളുടെ ഏകീകരണം സാധ്യമായതോടെ സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് വേഗതയേറുമെന്നും മന്ത്രി പറഞ്ഞു
ഫയലുകൾ കുറിയിട്ട് താഴേക്കും മേലേക്കും തട്ടിക്കളിക്കാൻ അനുവദിക്കില്ല. ഇത്തരക്കാർക്കെതിരെ കടുത്ത ജനകീയ സമ്മർദ്ദം ഉണ്ടാകണം. തിക്താനുഭവം നേരിട്ട സംരംഭകരെ ഉദ്യോഗസ്ഥർ കാണണം. സംരംഭകരെ നിയമപരമായി സഹായിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷരും സെക്രട്ടറിമാരും ശ്രദ്ധിക്കണം. ശക്തമായ വിജിലൻസ് സംവിധാനം വകുപ്പിൽ നടപ്പാക്കും. സർവീസിലുള്ള പുഴുക്കുത്ത് നീക്കും. കൂട്ടായ്മയിലൂടെയാണ് ഇത് നടപ്പാക്കുക.

പാവപ്പെട്ടർക്ക് വീട്, അഭ്യസ്ഥവിദ്യരായ യുവജനങ്ങൾക്ക് പ്രധാനമായും വനിതകൾക്ക് തൊഴിൽ, സംരംഭകത്വ പ്രോത്സാഹനം, വാതിൽപ്പടി സേവനം, ശുചിത്വ കേരളം എന്നിവ യാഥാർത്ഥ്യമാക്കൽ എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകുന്ന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരണം. ഭവനരഹിതരായവർക്ക് വീട് നിർമിക്കുന്നതിന് മനസ്സോടിത്തിരി മണ്ണ് കാമ്പയിൻ വഴി സുമനസുള്ളവരിൽ നിന്ന് ഭൂമി സംഘടിപ്പിക്കുന്നതിന് മുൻകയ്യെടുത്ത് തദ്ദേശസ്ഥാപനങ്ങൾ സർക്കാരിനൊപ്പമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. അതിദാരിദ്ര്യലഘൂകരണ നിർണയ പ്രക്രിയയുടെ ഡോക്യുമെന്റേഷൻ പ്രകാശനവും ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമവും മന്ത്രി നിർവഹിച്ചു. ജനകീയാസൂത്രണ രജത ജൂബിലി ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.