* കഴക്കൂട്ടത്ത് ശബരിമല ഇടത്താവളത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു 

ജാതിമതഭേദമന്യേ ആരാധനാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിൽ  നിർമ്മിക്കുന്ന ശബരിമല ഇടത്താവള പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്തർദേശീയ പ്രാധാന്യമുള്ള ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ മനുഷ്യർക്കും നന്മ ചെയ്യുന്ന കേന്ദ്രങ്ങളായി ആരാധനാലയങ്ങൾ വളരണം. ആരാധനാലയങ്ങളുടെ  ലക്ഷ്യം നേരായ മാർഗത്തിലൂടെ സഞ്ചരിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുകയാണ്. തീർത്ഥാടന കാലം കഴിയുമ്പോൾ ഇടത്താവളങ്ങളെ വിവാഹ ആവശ്യങ്ങൾക്കും മറ്റ് പരിപാടികൾക്കും വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷനായി. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് തീർത്ഥാടന ടൂറിസം പദ്ധതികൾ  നടപ്പിലാക്കും. കേരളത്തിലെ ആരാധനാലയങ്ങളിൽ  ഇതിനോടകം 450 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.

കിഫ്‌ബി സഹായത്തോടെ 9.62 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാകുന്നത്. മൂന്ന് നിലകളിലായി 32,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇടത്താവളം നിർമ്മിക്കുന്നത്. 300 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം, 75 പുരുഷന്മാർക്കും 25 സ്ത്രീകൾക്കും താമസിക്കാനുള്ള ഡോർമിറ്ററി സൗകര്യം , ലോക്കർ റൂം, ലിഫ്റ്റ് സൗകര്യം, വൈഫൈ സംവിധാനം എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.  ഇതിനോടനുബന്ധിച്ച് ക്ഷേത്രകുളം നവീകരണവും പൂന്തോട്ടവും പുൽത്തകിടിയും വച്ചു പിടിപ്പിച്ച് ക്ഷേത്രം പരിസരം മനോഹരമാക്കുന്ന വിപുലമായ  പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും.