കൊടുങ്ങല്ലൂര്‍ താലൂക്ക്തല വികസന സമിതി യോഗം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കൊടുങ്ങല്ലൂര്‍ , കൈപ്പമംഗലം മണ്ഡലങ്ങളിലെ വികസന നേട്ടങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ചചെയ്തു. കൈപ്പമംഗലം മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍്റെ 7 കോടിയുടെ 3 പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. 80.5 ലക്ഷം രൂപയുടെ എസ് എന്‍ പുരം – പിവെമ്പല്ലൂര്‍ റോഡ് നിര്‍മാണം ആരംഭിച്ചു. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ 4 പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. പാര്‍ക്ക് റോഡ് 95 ലക്ഷം, മാള-പുത്തന്‍ചിറ 300 ലക്ഷം, പുല്ലൂറ്റ്- പുത്തന്‍ചിറ 135 ലക്ഷം, പടാകുളം – അഴീക്കോട് 170 ലക്ഷം അനുവദിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂര്‍ ബൈപ്പാസ് സര്‍വ്വീസ് റോഡുകളിലെ കുഴികള്‍ ഉടന്‍ അടച്ചുതീര്‍ക്കും.കോതപറമ്പ് റോഡരികില്‍ അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. അരാകുളം-അഴീക്കോഡ് വെള്ളക്കെട്ട് പരിഹരിക്കാന്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കി. എറിയാട് പിഡബ്ല്യുഡി റോഡ് സൈഡുകളിലെ കയ്യേറ്റം തടയാന്‍ മീറ്റിംഗ് വിളിച്ചു ചേര്‍ക്കാനും എടവിലങ്ങ്- എറിയാട് റോഡ് സൈഡ് കാനകള്‍ ഉടന്‍ സ്ലാബ് ഇട്ട് മൂടാനും ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കി.
കൈപ്പമംഗലം നിയേജകമണ്ഡലത്തില്‍ കടല്‍ക്ഷോഭം പരിഹരിക്കാന്‍ 3.36 കോടി രൂപ അനുവദിച്ചെങ്കിലും കരിങ്കല്‍ എത്തിക്കാനുള്ള പരിമിതികള്‍ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.പപ്പടത്തിലേയും -വറവിലേയും മായം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദ്ദേശം യോഗം തീരുമാനിച്ചു.കടലില്‍നിന്ന് 50 മീറ്റര്‍ അകലത്തിനുള്ളില്‍ താമസ്സിക്കുന്നവര്‍ക്ക് സൗജന്യമായി വീടും സ്ഥലവുംനല്‍കുന്നതിന് 150 പേര്‍ അപേക്ഷ നല്‍കി. ഇതില്‍ 95 പേര്‍ അര്‍ഹതനേടി. വാട്ടര്‍ അതോറിറ്റി സബ് ഡിവിഷന്‍ ഓഫീസ് കൊടുങ്ങല്ലൂരില്‍ അനുവദിക്കാന്‍ ആവശ്യപ്പെടുമെന്ന് എംഎല്‍എ പറഞ്ഞു.
എംഎല്‍എ ഇടി ടൈസണ്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചെര്‍ന്ന വികസനസമിതി യോഗത്തില്‍ പൊയ്യ, എറിയാട് പഞ്ചായത്ത് പ്രസിഡന്‍റുമാരായ രാധാക്യഷ്ണന്‍, പ്രസാദിനി മോഹനന്‍, തഹസില്‍ദാര്‍ തോമസ്സ് ഡേവിഡ്, മുന്‍ തഹസില്‍ദാര്‍ ജെസി സേവ്യര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പങ്കെടുത്തു.