മന്ത്രി എ.കെ ബാലന്‍ അപകടസ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ചു

നഗരസഭാപരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളും അടിയന്തിരമായി പരിശോധിച്ച് അവസ്ഥ തിട്ടപ്പെടുത്താന്‍ നിയമസാംസ്‌ക്കാരിക -പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ കെട്ടിടഅപകടസ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ ആശുപത്രിയില്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ നഗരസഭാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തനയോഗ്യമല്ലാത്ത കെട്ടിടങ്ങള്‍ ഇനിയും അപകടത്തിന് ഇടവരുത്താതെ ഒഴിവാക്കണം.ഇതുമായി ബന്ധപ്പെട്ട് അത്തരം കെട്ടിടം ഉടമകളെ ഉള്‍പ്പെടുത്തികൊണ്ടുളള യോഗം വിളിക്കാനും നഗരസഭാ അധികൃതരോട് മന്ത്രി നിര്‍ദ്ദേശിച്ചു. തകര്‍ന്ന കെട്ടിടത്തിന്റെ അവസ്ഥ നഗരസഭാ എഞ്ചിനീയറിങ് വിഭാഗം ഇന്ന് തന്നെ പരിശോധിക്കണമെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. അനുബന്ധമായി നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്ക് ബലക്ഷയമുളളതിനാലും സമീപമുളള പാതയില്‍ കാല്‍നടയാത്രക്കാരും വാഹനഗതാഗതവും സജീവമായി നില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് മന്ത്രി ആ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അതുപ്രകാരം നഗരസഭാ അധികൃതര്‍ തകര്‍ന്ന കെട്ടിടം ഇന്ന് തന്നെ പൊലീസ് സഹായത്തോടെ(ആവശ്യമെങ്കില്‍) സീല്‍ ചെയ്യുമെന്ന് മന്ത്രിയെ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് കെട്ടിടത്തിലെ വ്യാപാരികള്‍ക്കുണ്ടായ നഷ്ടം കണക്കാക്കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദ്ദേശിച്ചു. ഭാവിയില്‍ തൊഴില്‍ ചെയ്യാന്‍ സാധിക്കാത്തവിധം പരിക്ക് പറ്റിയവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും.

ശോച്യാവസ്ഥയില്‍ തുടരുന്ന പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ നവികരണവേളയില്‍ അവിടുത്തെ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തിരയോഗം വിളിക്കാന്‍ ഷാഫി പറമ്പില്‍ എം.എല്‍.എയോട് മന്ത്രി നിര്‍ദ്ദേശിച്ചു. അപകടസ്ഥലത്ത് കൃത്യസമയത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ ദേശീയ ദുരന്തനിവാരണസേനയോട് മന്ത്രി നന്ദി പറഞ്ഞു. പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യു ഉദ്യോഗസ്ഥര്‍ , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഏകോപിപ്പിച്ചുകൊണ്ടുളള ജില്ലാഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വന്‍ദുരന്തം ഒഴിവാക്കിയതായും മന്ത്രി പറഞ്ഞു. അപകടസ്ഥലത്തും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരേയും മന്ത്രി സന്ദര്‍ശിച്ചു. ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത വിലയിരുത്തി. ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ, റീജിനല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ വി.സിന്ധകുമാര്‍, ഡി.എം.ഒ ഡോ.കെ.പി റീത്ത തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പാലക്കാട് മുനിസിപ്പല്‍ സ്റ്റാന്‍ഡിനു സമീപത്തെ മൂന്നുനില കെട്ടിടം തകര്‍ന്ന സ്ഥലം മന്ത്രി എ.കെ ബാലന്‍ സന്ദര്‍ശിക്കുന്നു