പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഇന്നലെ 1.15 -ഓടെ മൂന്നുനില സ്വകാര്യകെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാനുമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. തകര്‍ന്നു വീണ കെട്ടിടത്തിന് മുന്‍സിപ്പല്‍ രേഖകള്‍ പ്രകാരം 49 വര്‍ഷത്തെ പഴക്കമുളളതായി കണക്കാക്കുന്നുണ്ട്. കെട്ടിടത്തിന്റെ കാലപഴക്കം, നാശനഷ്ടം എന്നിവ സംബന്ധിച്ച് വിശദറിപ്പോര്‍ട്ട് നല്‍കുന്നതിന് പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ അറ്റകുറ്റപണികള്‍ ചെയ്തു വരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമികനിഗമനം. മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലും ഏഴ് കടകളും ഒന്നാംനിലയിലെ അഞ്ച് സ്ഥാപനങ്ങളും രണ്ടാംനിലയിലെ ലോഡ്ജും പൂര്‍ണമായും തകര്‍ന്ന് നിലം പതിച്ചിട്ടുണ്ട്. ഫയര്‍ ആന്‍ഡ് റെസ്‌ക്യു, പൊലീസ്, ജില്ലാ മെഡിക്കല്‍ വിഭാഗം എന്നിവരും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഇവര്‍ക്ക് പുറമെ ജില്ലയില്‍ കുറച്ച് ദിവസങ്ങളായി കാംപ് ചെയ്ത് വരുന്ന ദേശീയ ദുരന്ത നിവാരണ സേനയിലെ 12 പേരും തൃശൂര്‍ ജില്ലയില്‍ നിന്നുളള 45 ഉദ്യോഗസ്ഥരടങ്ങുന്ന ദേശീയദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തിയിരുന്നു. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ പുരോഗമിച്ച് വരികയാണ്.