ദേശീയ ദുരന്തനിവാരണ സേന (NDRF) മഴക്കെടുതി നേരിട്ട മംഗലംഡാം കടപ്പാറ പ്രദേശത്ത് സന്ദര്‍ശനം നടത്തി. പാലക്കാട് ജില്ലയില്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ പ്രദേശം കിഴക്കഞ്ചേരി 2 വില്ലേജിലെ കടപ്പാറ മേഖലയെന്ന് ദേശീയ ദുരന്തനിവാരണ സംഘം വിലയിരുത്തി. എന്‍.ഡി.ആര്‍.എഫ് ചെന്നൈ അറക്കോണത്തില്‍ നിന്നുള്ള 12 അംഗ സംഘം ആണ് പ്രദേശം സന്ദര്‍ശിച്ചത്. ടീം കമാന്റര്‍ ബി.എസ്.സിംഗ് ന്റെ നേതൃത്വത്തില്‍ ടീം അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ടീം ഇന്‍സ്ട്രക്ടര്‍ അനീഷ് ജോസഫ് പ്രദേശവാസികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും നടത്തി. മലയോര മേഖലയില്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ മലമുകളില്‍ താമസിക്കുന്നവര്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് പ്രദേശവാസികളെ ബോധവത്കരിച്ചു. ബലമുള്ള മരക്കമ്പും കമ്പിളി പുതപ്പും ഉപയോഗിച്ച് തയ്യാറാക്കിയ സ്ട്രക്ചറില്‍ എങ്ങിനെ ആളുകളെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റാം എന്നതിന്റെ മോക്ഡ്രില്‍ പരിശീലനവും നടത്തി.റവന്യൂ വകുപ്പിലെ സന്ദീപ്, രഘുനാഫ്, ആലത്തൂര്‍ തഹസില്‍ദാര്‍ ആര്‍.പി.സുരേഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.ജയചന്ദ്രന്‍, പി.എന്‍ .ശശികുമാര്‍, മംഗലംഡാം വില്ലേജ് ഓഫീസര്‍ എ.എം. പരമേശ്വരന്‍, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ശിവകുമാര്‍ ,സിദ്ദീഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ്, പോലീസ്, ഫയര്‍ഫോഴ്സ്, പഞ്ചായത്തംഗം ബെന്നി ജോസഫ്, സെക്രട്ടറി കെ.രാധാകൃഷ്ണന്‍ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.