ആരവമായി ബഡ്‌സ് സ്‌കൂള്‍ കലോത്സവം

ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനത്തിന് ബഡ്‌സ് സ്‌കൂളുകള്‍ വഴിതെളിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. ആലുവ എടത്തല ശാന്തിഗിരി ആശ്രമത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല ബഡ്‌സ് കലോത്സവം ‘ആരവം 2022’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

കോവിഡിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു കലോത്സവം നടക്കുന്നത്. കോവിഡ് മൂലം ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്ന വിഭാഗമാണ് ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകള്‍ പരിപോഷിക്കുന്നതിന് ബഡ്‌സ് സ്‌കൂള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. തുടര്‍ച്ചയായ പിന്തുണ ആവശ്യമുള്ളവരാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍. ബഡ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ അധ്യാപകരും മാതാപിതാക്കളും ഭിന്നശേഷിക്കാരായ കുട്ടികളുടെ ആവശ്യങ്ങള്‍ വളരെ മികച്ച രീതിയില്‍ ഏകോപിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പഠനത്തോടൊപ്പം കുട്ടികളെയും അമ്മമാരെയും ഉള്‍പ്പെടുത്തിയുള്ള ഉപജീവന പദ്ധതികളും ബഡ്‌സ് സ്‌കൂളില്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ ഒരു വരുമാന മാര്‍ഗം കണ്ടെത്തുന്നതിനുള്ള അവസരം ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അമ്മമാര്‍ക്കും ലഭിക്കുന്നു എന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. ബഡ്‌സ് സ്‌കൂളിലെ ഉത്പന്നങ്ങള്‍ ഇപ്പോള്‍ മേളകളിലും മറ്റും ലഭ്യമാകുന്നുണ്ട്. ഇതിലൂടെ വരുമാനം ലഭ്യമായാല്‍ അവര്‍ക്ക് ശക്തമായ ഒരു പിന്തുണയാകുമെന്നും അദ്ദേഹം പറഞ്ഞു.

വിധ വിഭാഗങ്ങളിലായി ജില്ലയിലെ 37 ബഡ്‌സ് സ്‌കൂളുകളില്‍ നിന്നുള്ള 187 കുട്ടികള്‍ കലോത്സവത്തിൽ പങ്കെടുത്തു.

നൃത്യ, സ്വര, നിറം എന്നീ വേദികളില്‍ നടന്ന മത്സരങ്ങളിലൂടെ നൃത്തത്തിലും സംഗീതത്തിലും വാദ്യോപകരണങ്ങളിലുമുള്ള കഴിവ് വീണ്ടും തെളിയിച്ചിരിക്കുകയാണ് ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.