നിയമസഭാ സമിതി റിപ്പോർട്ട് സമർപ്പിച്ചു
കേരളത്തിലെ കാവുകളുടെ സംരക്ഷണത്തിനായി ഒരു വകുപ്പിനെ പ്രത്യേകമായി ചുമതലപ്പെടുത്തണമെന്ന് നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ശുമാർശ ചെയ്തു. സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാർശ. റിപ്പോർട്ട് സമിതി നിയമസഭയിൽ സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചേർന്ന് ഒരു കമ്മിറ്റി രൂപീകരിക്കണം. ഈ കമ്മിറ്റി സംസ്ഥാനത്തെ കാവുകളുടെ വിശദമായ പഠനവും കണക്കെടുപ്പും വിവരശേഖരണവും നടത്തി വേണം വകുപ്പിനെ ചുമതലപ്പെടുത്തേണ്ടത്. ചുമതലപ്പെടുത്തുന്ന വകുപ്പിന് കീഴിൽ കാവുകളുടെയും അനുബന്ധ ജലസ്രോതസുകളുടെയും സംരക്ഷണ പ്രവർത്തനങ്ങൾ, പദ്ധതികൾ എന്നിവ നിയന്ത്രിക്കുന്നതിന് ഒരു അതോറിറ്റി രൂപീകരിക്കുന്നതിന് സമഗ്രനിയമ നിർമാണം നടത്തണമെന്ന് സമിതി ശുപാർശ ചെയ്യുന്നു.
വ്യത്യസ്ത വകുപ്പുകളുടെ കീഴിലുള്ള കാവുകളുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കണം. ഈ റിപ്പോർട്ട് വനം വകുപ്പിന്റെ നേതൃത്വത്തിൽ ക്രോഡീകരിച്ച് കാവുകളുടെ എണ്ണം കൃത്യമായി നിർണയിക്കണം. സംസ്ഥാനത്തെ മിക്ക കാവുകളുടെയും അതിർത്തി നിർണയിച്ച് സംരക്ഷിക്കാത്തതു മൂലം കൈയേറപ്പെടുകയും ഭൂമി നഷ്ടപ്പെട്ടു പോവുകയും ചെയ്തിട്ടുണ്ട്. ഇതിനാൽ കാവുകളുടെ ജൈവവൈവിധ്യം നഷ്ടപ്പെടുന്നു. ഇങ്ങനെ നഷ്ടപ്പെട്ട ഭൂമി വീണ്ടെടുത്ത് അതിർത്തി കൃത്യമായി നിർണയിക്കണം. കാവുകളിൽ തദ്ദേശീയ സസ്യങ്ങളും വൃക്ഷങ്ങളും ഉപയോഗിച്ച് ജൈവവേലി സ്ഥാപിച്ച് സംരക്ഷിക്കുന്നതിന് വനം, റവന്യു (ദേവസ്വം), പരിസ്ഥിതി, തദ്ദേശസ്വയംഭരണ വകുപ്പുകളെ ചുമതലപ്പെടുത്തണം. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഭൂമി തെറ്റായി ഇനം മാറ്റപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് പിഴവുകൾ തിരുത്തണം.
വിദ്യാവനം പോലെയുള്ള പദ്ധതികളിലൂടെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കാവുകളുടെ പ്രാധാന്യവും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് സംസ്ഥാന വ്യാപകമായി ബോധവത്ക്കരണം നടത്തണം. കാവ് സംരക്ഷണത്തിന്റെ പ്രാധാന്യം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ സാധ്യതയും സമിതി ശുപാർശ ചെയ്യുന്നുണ്ട്. കാവുകൾ സംരക്ഷിക്കുന്നവർക്ക് ഹരിത അവാർഡുകൾ ഏർപ്പെടുത്തണം. കാവുകൾ കേന്ദ്രീകരിച്ച് ഇക്കോ ടൂറിസവുമായി ബന്ധപ്പെടുത്തി അരോമ ടൂറിസം പോലെയുള്ള അനുയോജ്യമായ വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. കാവുകളിലെ അപൂർവയിനം വൃക്ഷ സസ്യലതാദികളുടെ ഒരു ജീൻ ബാങ്ക് തയ്യാറാക്കണം. സംസ്ഥാനത്തെ കാവുകളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്ര ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം രൂപീകരിക്കണമെന്നും സമിതി വ്യക്തമാക്കുന്നു.