തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് രൂപീകരിക്കുന്നതിന് ‘കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിയമങ്ങളും മറ്റ് നിയമങ്ങളും ഭേദഗതി’ ഓർഡിനൻസിന്റെ കരട് മന്ത്രിസഭാ യോഗം അംഗീകരിച്ച സാഹചര്യത്തിൽ സമഗ്രവും ജനപക്ഷത്ത് നിൽക്കുന്നതുമായ പൊതുസർവ്വീസ് സംസ്ഥാനത്ത് യാഥാർത്ഥ്യമാവുകയാണെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനും വിവിധ തട്ടുകളായി നടക്കുന്ന പ്രാദേശിക ആസൂത്രണ വികസന പ്രവർത്തനങ്ങളുടെ ഏകോപനത്തിനും പദ്ധതി നിർവ്വഹണത്തിനും വേണ്ടിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി ഒരു ഏകീകൃത സേവനം ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത്, നഗരകാര്യം, നഗര ഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം, ഗ്രാമവികസനം എന്നിവയിലെ സർവീസുകളെ സംയോജിപ്പിച്ചാണ് തദ്ദേശസ്വയംഭരണ വകുപ്പ് എന്ന പേരിൽ ഒരു പൊതുസർവീസ് രൂപീകരിച്ചത്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയ്ക്കുവേണ്ടി സമഗ്രമായ ഒരു ജില്ലാ പദ്ധതിയും ഇതിനായി ജില്ലാ ആസൂത്രണ സമിതിയും ഉണ്ടായിരിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. മുനിസിപ്പൽ ആക്ടിൽ ഇതിനാവശ്യമായ വ്യവസ്ഥകളുണ്ട്. തയ്യാറാക്കുന്ന പദ്ധതികളുടെ നടത്തിപ്പ് ഉൾപ്പെടെയുള്ള മുനിസിപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും ഇടയിലുള്ള പൊതുവായ വിഷയങ്ങളിൽ ഏകോപിതമായ പ്രവർത്തനങ്ങൾ ആവശ്യമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂട്ടിയിണക്കുന്നതിനുള്ള ഏകീകൃത ഉദ്യോഗസ്ഥ സംവിധാനം കൂടുതൽ മെച്ചപ്പെട്ട തദ്ദേശസ്വയംഭരണ നിർവ്വഹണത്തിന് സഹായകമാകും. ഏകീകൃത സാങ്കേതിക – സാങ്കേതികേതര ഉദ്യോഗസ്ഥ സംവിധാനം ഉണ്ടാവുന്നതിലൂടെയുള്ള ഏകോപനവും അതുവഴിയുണ്ടാവുന്ന മേൽനോട്ടവും പദ്ധതി- പദ്ധതിയേതര പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് യോജിച്ചുള്ള പ്രവർത്തനങ്ങൾക്ക് സഹായകരമാവും. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ജനപക്ഷമാക്കി മാറ്റാനും ഉതകുമെന്ന് മന്ത്രി വ്യക്തമാക്കി.
ജില്ലയ്ക്ക് മാത്രമായോ, സംസ്ഥാനത്തിനൊട്ടാകെയോ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ജീവനക്കാരെ ഏകോപിപ്പിച്ച് പൊതുസർവ്വീസ് രൂപീകരിക്കണമെന്ന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി ആക്റ്റുകളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുകൂടി ഉൾക്കൊണ്ടാണ് ഏകീകൃത വകുപ്പ് യാഥാർത്ഥ്യമാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുസർവ്വീസിലേക്ക് സംയോജിക്കപ്പെട്ട നഗര-ഗ്രാമാസൂത്രണ വകുപ്പിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ മറ്റ് സർവീസുകളിലെ ജീവനക്കാരെപ്പോലെ കേരള പബ്ലിക് സർവ്വീസ് ആക്റ്റിന് കീഴിൽ ചട്ടങ്ങൾ ഉണ്ടാക്കാൻ നഗര-ഗ്രാമാസൂത്രണ ആക്റ്റ് ഭേദഗതി ചെയ്യേണ്ടതുണ്ട്. പഞ്ചായത്ത്-മുനിസിപ്പാലിറ്റി ആക്റ്റുകളും ഭേദഗതിക്ക് വിധേയമാക്കണം. ഓരോ ആക്റ്റിനും പ്രത്യേകമായി ഭേദഗതികൾ കൊണ്ടുവരുന്നതിന് പകരം എല്ലാ ആക്റ്റുകളുടെയും വ്യവസ്ഥയ്ക്ക് വിധേയമായി ഒരു പൊതു സർവ്വീസ് രൂപീകരിക്കാനും കേരള പബ്ലിക്ക് സർവ്വീസ് ആക്റ്റിന് കീഴിൽ ചട്ടങ്ങളുണ്ടാക്കാനും വ്യവസ്ഥ ചെയ്യുകയാണുണ്ടായത്. പൊതുവായ ഒരു ആക്റ്റ് ഉചിതമായതിനാലാണ് 2020ലെ തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരിക്കൽ എന്ന നിയമത്തിന്റെ കരട് ഓർഡിനൻസായി പുറത്തിറക്കിയതെന്ന് മന്ത്രി കൂട്ടിചേർത്തു.