ഓരോ ദിനവും ആചരിക്കുന്നത് അതിന്റെ ഗൗരവം മനസിലാക്കാനാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ചെറുതോണി ജില്ലാ പോലീസ് സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ച മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനത്തിന്റെ ജില്ലാതല ആചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷയരോഗത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കേണ്ട വിധങ്ങളെക്കുറിച്ചും ഓരോരുത്തരും മനസിലാക്കണം. ജില്ലയില്‍ നല്ലരീതിയില്‍ ക്ഷയരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്തെ ക്ഷയരോഗികള്‍ കുറവുള്ള ജില്ലയെന്ന പുരസ്‌കാരം ഇടുക്കി ജില്ലയ്ക്ക് ലഭിച്ചത് അഭിനന്ദനാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പുരോഗമിച്ചു വരുന്നു. ഉന്നത ചികിത്സാ സൗകര്യങ്ങള്‍ക്കൊപ്പം പഠനവും മുന്നോട്ട് കൊണ്ട് പോകാനായി മെഡിക്കല്‍ കോളേജ് കൂടുതല്‍ മികച്ചതായി മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കും. അതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു.
ചടങ്ങില്‍ ‘ക്ഷയരോഗം -അറിവ് പകരാം, പ്രതിരോധിക്കാം ‘ പുസ്തകത്തിന്റെ പ്രകാശനം മന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കി നിര്‍വഹിച്ചു.
ദിനാചാരണവുമായി ബന്ധപ്പെട്ട് ചെറുതോണി ടൗണില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ റാലിയുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമി നിര്‍വഹിച്ചു. തുടര്‍ന്ന് വിവിധ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്ലാഷ് മോബ്, നാടകങ്ങള്‍ തുടങ്ങിയവ ചെറുതോണി ടൗണില്‍ സംഘടിപ്പിച്ചു. കട്ടപ്പന സെന്റ് ജോണ്‍സ് നേഴ്സിംഗ് കോളേജിലേയും, നെടുംകണ്ടം എസ്.എം.ഇ.നേഴ്സിംഗ് സ്‌കൂളിലേയും വിദ്ധ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പൊതുസമ്മേളനത്തെത്തുടര്‍ന്ന് ക്ഷയരോഗ നിവാരണത്തെക്കുറിച്ച് സെമിനാര്‍ നടത്തി. സെമിനാറിന് ഡോ. ഷിയാസ് മുഹമ്മദ് നേത്യത്വം നല്‍കി.

ഡെപ്യൂട്ടി ഡിഎംഒ ഡോ. സുഷമ പി.കെ ക്ഷയരോഗ നിവാരണ പ്രതിജ്ഞ ചൊല്ലി. പരിപാടിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനദാനം ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍ വിതരണം ചെയ്തു.