ചെര്‍ക്കള പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്ത ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ കാസര്‍കോട് ആര്‍ടിഒയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ബസ്സുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരും വ്യാപാരികളും ഏറെ ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയര്‍ന്നിരുന്നു. ബദിയടുക്ക, മുള്ളേരിയ, കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുവാന്‍ നിര്‍ദേശം നല്‍കുമെന്ന് ബസ്സുടമസ്ഥ സംഘം ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു. എല്ലാ ബസ്സുകളും ചെര്‍ക്കള പുതിയ ബസ് സ്റ്റാന്‍ഡിനകത്ത് പ്രവേശിക്കണമെന്നും ലംഘിക്കുന്ന ബസ്സുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് വകുപ്പുകള്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗം തീരുമാനിച്ചു. സ്ഥലത്ത് പോലീസ് ഗാര്‍ഡിനെ നിയമിക്കുവാനും യോഗത്തില്‍ തീരുമാനമായി. ആര്‍ ടി ഒ എ. കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സനല്‍ വി മണപ്പള്ളി, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ വി ഗണേശന്‍, ബസ്സുടമസ്ഥ സംഘം ഭാരവാഹികളായ കെ ഗിരീഷ്, സി എ മുഹമ്മദ് കുഞ്ഞി, വ്യാപാരി സമിതിക്കായി ബി എം ഷെഫീഖ് ചെര്‍ക്കള, ജാഫര്‍ സാദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.