കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ഭവന നിർമ്മാണം, കൃഷി, റോഡ് വികസനം, ശുചിത്വം എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സിനി ജെയ്സനാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ അദ്ധ്യക്ഷത വഹിച്ചു. 15,01,20,573 രൂപ വരവും 14,87,45,000 രൂപ ചെലവും 13,75,573 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ഭരണസമിതി അംഗീകരിച്ചു.
ഭവന നിർമ്മാണത്തിന് 4,04,00,000 രൂപയും കാർഷിക മേഖലയ്ക്ക് 37,77,000 രൂപയും റോഡ് വികസനത്തിന് 1,12,00,000 രൂപയും ശുചിത്വ മേഖലയ്ക്ക് 45,00,000 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. സമസ്ത വിഭാഗങ്ങളുടെയും പുരോഗതി ലക്ഷ്യമിട്ട് വെള്ളപ്പൊക്ക നിവാരണം, പകർച്ചവ്യാധി നിയന്ത്രണം, വനിതാ ശിശുക്ഷേമം, വിദ്യാഭ്യാസം, ടൂറിസം എന്നീ മേഖലകൾക്കും ബജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.