പട്ടികവര്‍ഗ കോളനികളില്‍ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എല്ലാ കോളനികളിലും ഒരു ആരോഗ്യ പ്രവര്‍ത്തകയെ തെരഞ്ഞെടുത്ത് നിയോഗിക്കുന്ന ഊരുമിത്രം (ഊര് ആശ) പദ്ധതിക്ക്  മലപ്പുറം ജില്ലയില്‍ തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ടീച്ചര്‍ നിര്‍വഹിച്ചു. നിലമ്പൂര്‍ നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് അംഗം എന്‍.എ കരീം അധ്യക്ഷനായി. ആദിവാസി ക്ഷേമം ലക്ഷ്യമിട്ട് എസ്.ടി പ്രമോട്ടര്‍മാര്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ജില്ലയില്‍ കോളനികളില്‍ നിന്നു തന്നെ ആരോഗ്യ പ്രവര്‍ത്തകരായി ആശാ വര്‍ക്കര്‍മാരെ നിയമിക്കുന്നത്.

ഗോത്രവര്‍ഗ കോളനികളില്‍ സ്ഥിരതാമസക്കാരായ സ്ത്രീകളെ ആ കോളനിയിലെ അംഗങ്ങള്‍ ഊരുകൂട്ടം വഴി തെരഞ്ഞെടുക്കുകയും പരിശീലനത്തിലൂടെ അവരെ ആരോഗ്യ പ്രവര്‍ത്തകരായി മാറ്റുകയും ചെയ്യുകയാണ് പദ്ധതി. ആദ്യഘട്ടത്തില്‍ അമരമ്പലം, ചാലിയാര്‍, ചോക്കാട്, ചുങ്കത്തറ, കരുളായി, മൂത്തേടം, പോത്തുകല്ല്, വഴിക്കടവ്, മമ്പാട്, ഉര്‍ങ്ങാട്ടിരി എന്നീ പഞ്ചായത്തുകളിലാണ് ഊരുമിത്രങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളത്. ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ ഗര്‍ഭിണികളുടെയും കുട്ടികളുടെയും പരിചരണം, ജീവിതശൈലി രോഗ നിയന്ത്രണ പരിപാടികള്‍, സാംക്രമിക രോഗ നിയന്ത്രണ പരിപാടികള്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ സേവനം ഉപയോഗപ്പെടുത്തും.

ഇത്തരത്തില്‍ നിയമിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഒരേ കോളനിയിലെ ഊരില്‍ തന്നെ താമസിക്കുന്നവരായതിനാല്‍ മുഴുവന്‍ സമയവും ഇവരുടെ സേവനം ലഭ്യമാക്കാനും ആവശ്യമായ പ്രാഥമിക സേവനങ്ങള്‍ കോളനികളില്‍ തന്നെ ഉറപ്പാക്കാനും സാധിക്കും. ഒരേ ഗോത്രത്തില്‍പ്പെട്ടവരായതിനാല്‍ കൂടുതല്‍ സ്വീകാര്യതയും ഗോത്ര ഭാഷയില്‍ സംസാരിക്കുക വഴി കൂടുതല്‍ മെച്ചപ്പെട്ട ആശയവിനിമയവും സാധ്യമാകും. ഗോത്രവിഭാഗക്കാരുടെ സംസ്‌കാരവും ജീവിതരീതികളും അറിയാവുന്നതിനാല്‍ അതിന് അനുയോജ്യമായ രീതിയില്‍ ആരോഗ്യ സന്ദേശങ്ങള്‍ നല്‍കാനും ഇവര്‍ക്ക് കഴിയും.

ഊരില്‍ തന്നെയുള്ള ഒരു പ്രവര്‍ത്തകയ്ക്ക് ആരോഗ്യ സ്ഥാപനങ്ങളെ സംബന്ധിച്ച് വിശദമായ പരിശീലനം ലഭിക്കുന്നതിനാലും ആശുപത്രികളുമായി അടുത്ത ബന്ധമുള്ളതിനാലും രോഗിയെ ആശുപത്രിയില്‍ എത്തിക്കേണ്ട സാഹചര്യത്തില്‍ ഇവരുടെ സേവനം ഏറെ സഹായകരമാകും. ഊരിലെ ആരോഗ്യപ്രശ്‌നങ്ങള്‍ സമയബന്ധിതമായി ആരോഗ്യ വകുപ്പ് ജീവനക്കാരെ അറിയിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇതിലൂടെ സാധിക്കുമെന്നതും ഊരുമിത്രം പദ്ധതിയുടെ നേട്ടമാണ്.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രേണുക പദ്ധതി വിശദീകരണം നടത്തി.