ആരോഗ്യ മേഖലയ്ക്കും കാർഷിക മേഖലയ്ക്കും പട്ടിക ജാതി ക്ഷേമത്തിനും മുൻതൂക്കം നൽകി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 27,75,10,521 രൂപ വരവും 27,62,15,072 രൂപ ചെലവും 12,95,448 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. കാർഷികമേഖലയ്ക്ക് 78,71,040 രൂപ വകയിരുത്തി. ക്ഷീരകർഷകർക്ക് ഇൻസന്റീവ് നൽകുന്നതിന് ഇരുപത്തിയഞ്ച് ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.

ബ്ലോക്ക്‌ പഞ്ചായത്തിന്റെ വെങ്ങോല സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ സംസ്ഥാന സർക്കാരിന്റെ 1.5 കോടി രൂപ മുടക്കി പുതിയ ഐസൊലേഷൻ വാർഡ് ആരംഭിക്കും. സി.എച്ച്.സികളിൽ മരുന്ന് വാങ്ങുന്നതിന് 10.5 ലക്ഷം മാറ്റിവച്ചു. പട്ടികജാതി വിഭാഗത്തിന്റെ വിവിധ പദ്ധതികൾക്ക് വേണ്ടി 1.72 കോടിയും പട്ടികവർഗ വിഭാഗത്തിന് 3.3 ലക്ഷം രൂപയും വകയിരുത്തി. ഭവന പദ്ധതിക്കായി 1.78 കോടിയും വനിതാ ഘടക പദ്ധതിക്കായി 43,83,180 രൂപയും ഭിന്നശേഷി വിഭാഗത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 22 ലക്ഷം രൂപയും, വയോജനങ്ങൾക്കായി 22 ലക്ഷം രൂപയും മാറ്റിവച്ചു.

പശ്ചാത്തല മേഖലയിൽ പൊതുവിഭാഗത്തിൽ 65,59,200 രൂപയും, എസ് .സി വിഭാഗത്തിൽ 51,87,600 രൂപയും വകയിരുത്തി. ബ്ലോക്ക്‌ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളുടെ നവീകരണത്തിനും പരിപാലനത്തിനുമായി ഒന്നര കോടി വകയിരുത്തി. കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട്‌ ഉപയോഗിച്ച് 1.3 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. ബ്ലോക്ക്‌ പഞ്ചായത്തിലെ അങ്കണവാടികൾ സ്മാർട് ആക്കുന്നതിനും പകൽ വീട് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും വായനശാലകൾക്ക് ആധുനിക ഉപകരണങ്ങൾ നൽകുന്നതിനും ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകൾ നൽകുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു.സംസ്ഥാന സർക്കാരിന്റെ ടേക്ക് എ ബ്രേക്ക്‌ പദ്ധതി നടപ്പിലാക്കുന്നതിന് പഞ്ചായത്തുകളുമായി സംയോജിപ്പിച്ച് പദ്ധതികൾ ഏറ്റെടുക്കുന്നതിനും ഫണ്ട്‌ വകയിരുത്തിയിട്ടുണ്ട്.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ്‌ അജി ഹക്കീം ആണ് ബജറ്റ് അവതരിപ്പിച്ചത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം അൻവർ അലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ, അഡ്വ.റൈജ അമീർ, സനിതാ റഹീം, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ അസീസ് മൂലയിൽ, ഷാജിത നൗഷാദ്, ലിസി സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ സി.കെ ഗോപാലകൃഷ്ണൻ , സതി ലാലു, രാജി സന്തോഷ്‌, സെക്രട്ടറി കെ.വി സതി എന്നിവർ സംസാരിച്ചു.