ഓടപ്പള്ളം: മണ്ണിന്റെ മനസറിഞ്ഞ് ഓടപ്പള്ളം ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ സാമൂഹികശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നാട്ടറിവുയാത്രകളെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയാണ് കുട്ടികള്‍ക്ക് നാട്ടറിവുകളുടെ അമൂല്യനിധികള്‍ പകര്‍ന്നു നല്‍കിയത്. മറന്നു തുടങ്ങിയ നാട്ടറിവുകള്‍ യാത്രകളിലൂടെ ശേഖരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷമാണ് നാട്ടറിവുയാത്രകള്‍ക്കു തുടക്കം കുറിച്ചത്. പുതുവീട് വയലിലെത്തി കൃഷിക്കാരുമായി അഭിമുഖം നടത്തി, നാട്ടറിവുകള്‍ ശേഖരിച്ച വിദ്യാര്‍ത്ഥികള്‍ ഞാറു നടുകയും ചെയ്തു. ക്ലാസ് സമയം നഷ്ടപ്പെടുത്താതെയാണ് നാട്ടറിവുയാത്രകള്‍ സംഘടിപ്പിക്കുന്നത്. ശേഖരിച്ച വിവരങ്ങള്‍ സെമിനാര്‍ രൂപത്തില്‍ മറ്റു കുട്ടികളുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും. സാമൂഹികശാസ്ത്ര ക്ലബ്ബ് കോര്‍ഡിനേറ്റര്‍ പി.ജി വിനീത, ടി.ബി ബാബു, പിടിഎ സമിതി അംഗം സുരേഷ്, കര്‍ഷകരായ സന്തോഷ്, ശ്രീധരന്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.