സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് രണ്ട് മുതല്‍ എട്ടു വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം എന്ന പേരില്‍ പ്രദര്‍ശന- വിപണനമേള സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ഷികത്തിന്റെ ജില്ലാതലസംഘാടകസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 25ന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ മുതല്‍ നഗരസഭ ബസ് സ്റ്റാന്‍ഡ് വരെ വിളംബര ജാഥ സംഘടിപ്പിക്കും. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള സേവനങ്ങളും പദ്ധതികളും കൂടുതല്‍ അനുഭവവേദ്യമാക്കുന്നതിനും തല്‍സമയ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് മേള സംഘടിപ്പിക്കുന്നത്.
നൂറു വിപണന സ്റ്റാളുകളും 50 പ്രദര്‍ശന-സേവന സ്റ്റാളുകളുമാണ് മേളയില്‍ ഉണ്ടാകുക. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും, സാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേള, കാര്‍ഷിക പ്രദര്‍ശനം, ടെക്‌നോ ഡെമോ തുടങ്ങിയവും ഉണ്ടാകും. ജില്ലയുടെ സവിശേഷതകള്‍ കണക്കിലെടുത്ത് ഓരോ വകുപ്പും സ്റ്റാളുകള്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളെ ആകര്‍ഷിക്കുന്നതും അവര്‍ക്ക് പ്രയോജനം ലഭ്യമാക്കുന്നതുമായ വിധത്തില്‍ വേണം വകുപ്പുകള്‍ സ്റ്റാളുകളൊരുക്കേണ്ടതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വികസനത്തിന്റേയും സംസ്‌കാരത്തിന്റേയും ഒത്തുചേരലാകണം മേള. അതിനുള്ള മുന്നൊരുക്കങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്നും എംഎല്‍എ പറഞ്ഞു.
ആരോഗ്യമന്ത്രി വീണാജോര്‍ജ് മുഖ്യരക്ഷാധികാരിയും പ്രസിഡന്റുമായി വാര്‍ഷികാഘോഷ സംഘാടകസമിതി രൂപീകരിച്ചു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചെയര്‍പേഴ്സണും ആയിരിക്കും.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍ വൈസ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ കണ്‍വീനറുമാണ്. നഗരസഭ അധ്യക്ഷന്മാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്്അധ്യക്ഷന്മാര്‍, ബോര്‍ഡുകളുടെ അധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, നഗരസഭാംഗം, ജില്ലാതല ഉദ്യോഗസ്ഥര്‍, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളുമാണ്.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് അലക്സ് പി തോമസ്, അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.