മാലിന്യ സംസ്‌കരണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2018 ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ.  മാലിന്യസംസ്‌കരണം ശരിയായ രീതിയില്‍ നടക്കണമെങ്കില്‍ ഓരോ വ്യക്തിയും അതിന്റെ ഭാഗമാകണം. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം  എന്ന ശുചിത്വമിഷന്റെ ആപ്തവാക്യം പോലെ തന്നെ ഓരോ വ്യക്തിയും സ്വയം ഉത്തരവാദിത്വപ്പെടുത്തണമെന്നും എംഎല്‍എ പറഞ്ഞു. സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2018 ന്റെ ബ്രോഷര്‍ വീണാജോര്‍ജ് എംഎല്‍എ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെയ്ക്ക് നല്‍കി .
 രാജ്യത്തെ എല്ലാ ജില്ലകളിലേയും ഗ്രാമപഞ്ചായത്തുകളിലെ വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയിലൂടെ വിലയിരുത്തി റാങ്ക് നല്‍കുന്നതിനാണ് കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയം സ്വച്ഛ് സര്‍വേക്ഷന്‍ (ഗ്രാമീണ്‍) 2018 എന്ന പരിപാടി സംഘടിപ്പിക്കുന്നത്. സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍,  പഞ്ചായത്തുകള്‍ തുടങ്ങിയ പൊതുഇടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛ്ഭാരത് മിഷന്‍ പദ്ധതി മെച്ചപ്പെടുത്തുന്നതില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലാതല സര്‍വേയിലൂടെയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. സമഗ്ര പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ അവരുടെ ശുചിത്വ നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുക എന്നതാണ് പദ്ധതിയുടെ {പധാന ലക്ഷ്യം. ഓഗസ്റ്റ് ഒന്ന് മുതല്‍ 31 വരെയാണ് സര്‍വേ നടക്കുക.
ഡെപ്യൂട്ടി കളക്ടര്‍ ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദാരിദ്ര്യലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ എന്‍.ഹരി, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍. അജയ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി.എം ജോസഫ് എന്നിവര്‍ പങ്കെടുത്തു.