എറണാകുളം ജില്ലയുടെ ഭാഗമായ ആമ്പല്ലൂർ പഞ്ചായത്ത് കൊച്ചി നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ലിംഗ സമത്വം എന്ന വിഷയത്തെക്കുറിച്ചുള്ള ദേശീയ ശിൽപ്പശാലയിൽ രാജ്യവ്യാപകമായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഗ്രാമപഞ്ചായത്തിൽ ഒന്നായി മാറിയിരിക്കുകയാണ് ആമ്പല്ലൂർ.

വനിതാ ഘടക പദ്ധതി കേരളത്തിൽ ആരംഭിച്ചത് മുതൽ, ആമ്പല്ലൂർ പഞ്ചായത്ത് സ്ത്രീ ശാക്തീകരണവും ഉന്നമനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും പദ്ധതികളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു . ഇതിന്റെ ഭാഗമായി പഞ്ചായത്തിൽ ചർച്ചകളും ബോധവത്കരണ ക്ലാസുകളും ആരംഭിക്കുകയും ചെയ്തു. സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും അവർ അഭിമുഖീകരിക്കുന്ന അസമത്വങ്ങളെക്കുറിച്ചും കൂടുതൽ മനസിലാക്കാൻ ശ്രമിച്ചു.

ലിംഗപരമായ അസമത്വങ്ങൾ ലഘൂകരിക്കാനും വനിതാ സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ച്, സംയുക്തമായി വിവിധ സംരംഭങ്ങൾ ആരംഭിച്ച് ഉപജീവനമാർഗം കണ്ടെത്താനും സ്ത്രീകളെ ശാക്തീകരിക്കാനും മുൻകൈയെടുക്കാൻ പ്രേരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പദ്ധതികളിൽ ഉൾപ്പെടുന്നതാണ് ജെൻഡർ റിസോഴ്സ് സെന്റർ, ജാഗ്രതാ സമിതി, സ്ത്രീ പദവി പഠനം, സ്കൂൾ വിദ്യാർത്ഥിനികൾക്കായി തായ്കൊണ്ടോ പരിശീലനം, ശുചിത്വ പരിപാലനം എന്നിവ.

ജെൻഡർ റിസോഴ്സ് സെന്റർ

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിനെ ജെൻഡർ സൗഹൃദ ഗ്രാമം ആക്കുക എന്ന ലക്ഷ്യത്തോടെ 2017- 18 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പദ്ധതിയാണ് ജെൻഡർ റിസോഴ്സ് സെന്റർ. നിരവധി പ്രവർത്തനങ്ങൾ ജി.ആർ.സിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി.

ജാഗ്രത സമിതി

ജി.ആർ.സിയോടൊപ്പം പഞ്ചായത്ത് നടപ്പിലാക്കിയ മറ്റൊരു പ്രവർത്തനമായിരുന്നു ജാഗ്രതാ സമിതി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ഉടനടി പ്രശ്ന പരിഹാരം കാണുന്നതിനും വേണ്ടിയുള്ള വനിതാ കമ്മീഷൻ പ്രാദേശികതല സംവിധാനമാണ് ജാഗ്രതാ സമിതികൾ. ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ സർക്കാർ നിർദ്ദേശാനുസരണം 2007ൽ ജാഗ്രതാ സമിതികൾ രൂപീകരിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ ഇവ കാര്യക്ഷമമായി പ്രവർത്തിച്ചില്ല. ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനമാരംഭിച്ചതോടുകൂടി ജാഗ്രതാ സമിതി ശക്തിപ്പെടുത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.

സ്ത്രീ പദവി പഠനം

സ്ത്രീകളുടെ നിലവിലെ പദവി മനസ്സിലാക്കുന്നതിനും അവ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് സ്ത്രീ പദവി പഠനം.

സ്കൂൾ വിദ്യാർത്ഥിനികൾക്ക് തായ്കൊണ്ടോ പരിശീലനം

പഞ്ചായത്തിലെ പെൺകുട്ടികളെ സ്വയം പ്രതിരോധവും സുരക്ഷയും നേടുന്നതിൽ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥിനികൾക്ക് സ്കൂൾ പരിശീലന കേന്ദ്രമാക്കി തായ്കൊണ്ടോ പരിശീലനം ആരംഭിച്ചു. ഒരു വർഷം നീണ്ടുനിന്ന പരിശീലനത്തിലൂടെ പെൺകുട്ടികളുടെ ആത്മവിശ്വാസവും കായികക്ഷമതയും വർധിപ്പിക്കാനായി.

സ്കൂൾ വിദ്യാർത്ഥിനികളുടെ ശുചിത്വ പരിപാലനം

എല്ലാ യു.പി, ഹൈസ്കൂൾ വിദ്യാലയങ്ങളിലും വനിതാ വികസന കോർപറേഷൻ മുഖേന ഇൻസിനറേറ്റർ, അലമാര, സാനിറ്ററി പാഡ് എന്നിവ നൽകി. വിദ്യാലയങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കിയതോടെ വിദ്യാർത്ഥിനികളുടെ ആരോഗ്യം മെച്ചപ്പെട്ടു.

പഞ്ചായത്തിന്റെ കീഴിൽ തുടരുന്ന ഇത്തരം പ്രവർത്തനങ്ങളാണ് ആമ്പല്ലൂരിനെ ദേശീയ തലത്തിലേക്ക് ഉയർത്തിയത്.

ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച സ്ത്രീ – ശിശു സൗഹൃദ പഞ്ചായത്തുകളെയാണ് ‘സുസ്ഥിരമായ നാളേക്ക് വേണ്ടി ഇന്ന് ലിംഗ സമത്വം’ എന്ന ശിൽപ്പശാലയിൽ പങ്കെടുപ്പിച്ചത്. രാജസ്ഥാൻ, പശ്ചിമബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമപഞ്ചായത്തുകളാണ് ആമ്പല്ലൂരിനൊപ്പം ശിൽപ്പശാലയിൽ പങ്കെടുത്തത്.