പദ്ധതി വിഹിത വിനിയോഗത്തിൽ അഭിമാന നേട്ടം കൈവരിച്ച് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്. തുടർച്ചയായി രണ്ടാം വർഷവും നൂറ് ശതമാനം തുകയും ചെലവഴിച്ച പഞ്ചായത്ത് ഇക്കുറി സംസ്ഥാന തലത്തിൽ തന്നെ രണ്ടാം സ്ഥാനത്താണ്. 2021 – 22 സാമ്പത്തിക വർഷത്തിൽ വാർഷിക പദ്ധതി ഇനത്തിൽ ലഭിച്ച 2.07 കോടി രൂപയും ചെലവഴിക്കാൻ ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞു. ജില്ലയിൽ ആദ്യമായി ഈ നേട്ടം കൈവരിച്ച ആദ്യ ബ്ലോക്ക് പഞ്ചായത്തും പാമ്പാക്കുടയാണ്.

മിക്ക ബ്ലോക്കുകളും അനുവദിച്ച തുക നഷ്ടപ്പെടാതിരിക്കാൻ നെട്ടോട്ടമോടുമ്പോഴാണ് സാമ്പത്തിക വർഷം അവസാനിക്കാൻ ഏകദേശം ഒരാഴ്ച ബാക്കിയുള്ളപ്പോൾ തന്നെ പാമ്പാക്കുട പഞ്ചായത്ത് ഫണ്ട് വിനിയോഗം പൂർത്തിയാക്കിയിരുന്നു. 2021 – 2022 സാമ്പത്തിക വർഷത്തിൽ പൊതു ഫണ്ടായി 1,03,74,000 രൂപയും, പട്ടികജാതി വിഭാഗത്തിൽ 54,76,000 രൂപയും, പട്ടികവർഗ്ഗ വിഭാഗത്തിൽ 56,000 രൂപയും, കേന്ദ്രധനകാര്യകമ്മീഷൻ ഗ്രാന്റ് അടിസ്ഥാന വിഹിതമായി 19,32,000 രൂപയും, കേന്ദ്ര ധനകാര്യ കമ്മീഷൻ്റെ പ്രത്യേക ഉദ്ദേശ ഗ്രാന്റായി ലഭിച്ച 28,98,000 രൂപയും ഉൾപ്പടെ 2,07,36,000 രൂപയായിരുന്നു പാമ്പാക്കുട ബ്ലോക്കിന് അനുവദിച്ചിരുന്നത്. വിവിധ പദ്ധതികളിലായി ഈ തുക ചെലവഴിക്കാൻ കഴിയ്ഞ്ഞു എന്നതാണ് പാമ്പാക്കുടയെ മറ്റു ബ്ലോക്കുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഭവന നിർമ്മാണ പദ്ധതികൾ, കോവിഡ് പ്രതിരോധം, ക്ഷീര കർഷകർക്കുള്ള ധനസഹായം, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് എന്നിവയ്ക്കായാണ് പ്രധാനമായും തുക വിനിയോഗിച്ചത്. ലൈഫ് ഉൾപ്പെടെയുള്ള ഭവന നിർമ്മാണ പദ്ധതികൾക്ക് 45,00,000 രൂപ ചെലവഴിച്ചപ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ 20,00,000 രൂപയും, ക്ഷീരകർഷകർക്ക് ഇൻസെന്റീവ് 15,00,000 രൂപയുമാണ് വിനിയോഗിച്ചത്. ബ്ലോക്കിലെ മുഴുവൻ ഭിന്നശേഷി വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നൽകുന്നതിനായി 13,50,000 രൂപയും, പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനായി 3,60,000 രൂപയും ചെലവഴിച്ചു. കുടിവെള്ള പദ്ധതികൾക്ക് വേണ്ടി വിനിയോഗിച്ച 8,00,000 രൂപയും, ആശുപ്രതികൾക്ക് മരുന്ന് വാങ്ങാൻ മാറ്റിവച്ച 3,50,000 രൂപയും, സെക്കണ്ടറി പാലിയേറ്റീവ് കെയറിനായി ചെലവഴിച്ച 8,00,000 രൂപയും, വജ്രജൂബിലി ഫെല്ലോഷിപ്പ് വിഹിതമായ 2,40,000 രൂപയും വാർഷിക പദ്ധതിയുടെ ഭാഗമായി ചെലവഴിച്ചവയാണ്.

നേരത്തെ 2020 – 2021 സാമ്പത്തിക വർഷവും പദ്ധതി വിഹിതത്തിൻ്റെ നൂറ് ശതമാനവും ചെലവഴിക്കാൻ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞിരുന്നു. ഭരണ സമിതിയുടെയും നിർവ്വഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാർച്ച് മാസം അവസാനദിനം വരെയുള്ള ചെലവ് ചെയ്യൽ പ്രക്രിയ ഒന്നുമില്ലാതെ ഇത്തരമൊരു നേട്ടം കൈവരിക്കാനായത് എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു വ്യക്തമാക്കി.