മുളന്തുരുത്തി: വയോജന അയല്‍ക്കൂട്ടങ്ങളുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് അനുകൂല സമീപനമാണെന്ന്  അനൂപ് ജേക്കബ് എംഎല്‍എ പറഞ്ഞു. വയോജന അയല്‍ക്കൂട്ട പദ്ധതികള്‍ നിര്‍ത്താന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുളന്തുരുത്തി ബ്ലോക്കിന് കീഴില്‍  എടയ്ക്കാട്ടുവയല്‍ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി നിര്‍മ്മിച്ച  വ്യായാമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയോജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള വ്യായാമ കേന്ദ്രത്തില്‍ യോഗ ക്ലാസുകള്‍ ആരംഭിക്കും. 40 പേരടങ്ങുന്ന ബാച്ചുകളിലായി പരിശീലനം നല്‍കും. വയോജനങ്ങള്‍ക്കായി പഞ്ചായത്ത് നിര്‍മ്മിച്ചിട്ടുള്ള പകല്‍ വീടിനോടുചേര്‍ന്നുള്ള വ്യായാമ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി സൗകര്യവും ഏര്‍പ്പെടുത്തും. പതിമൂന്നാം വാര്‍ഡില്‍ പാര്‍പ്പാകോട് റെയില്‍വേഗേറ്റിന് സമീപമാണ് 13  ലക്ഷം  രൂപ ചെലവില്‍  വ്യായാമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. പഞ്ചായത്തിലെ  40 വയസ്സിനു മുകളിലുള്ളവര്‍ക്ക് ജീവിതശൈലി രോഗവുമായി ബന്ധപ്പെട്ട ക്ലാസുകള്‍  കേന്ദ്രത്തിലൂടെ സംഘടിപ്പിക്കും.
വയോജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, ശാരീരിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി മുളന്തുരുത്തി ബ്ലോക്കിന് കീഴില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധേയമാണെന്നും എം.എല്‍.എ വ്യക്തമാക്കി. വയോജന സംരക്ഷണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൊല്ലം ജില്ലയിലെ ചവറ ബ്ലോക്കിന് കീഴിലും ജില്ലയില്‍ മുളന്തുരുത്തി ബ്ലോക്കിന് കീഴിലുമാണ് നിലവില്‍ വയോജന അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ചടങ്ങില്‍ വയോജന സംരംഭക ഗ്രൂപ്പുകള്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ടും അംഗങ്ങള്‍ക്കുള്ള വ്യക്തിഗത വായ്പയുമടക്കം 21 ലക്ഷം രൂപ വിതരണം ചെയ്തു.  അമ്പതിനായിരം രൂപ  ആണ് തണല്‍ എന്ന് പേരിട്ടിട്ടുള്ള വയോജന അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക്  അനുവദിക്കുന്ന വ്യക്തിഗത വായ്പ. അംഗങ്ങളുടെ മക്കളെക്കൂടി ബന്ധിപ്പിച്ചുകൊണ്ടാണ്  വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നതിനായുള്ള ഈ തുക വിതരണം ചെയ്യുന്നത്. വര്‍ഷം 2000 രൂപ മാത്രം പലിശ വരുന്ന ഈ തുക  ഒരുവര്‍ഷത്തിനകം ഒരുമിച്ചോ, ഘട്ടംഘട്ടമായോ തിരിച്ചടയ്ക്കാം.
പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി പീറ്ററിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ്  എം.സി സജികുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എ.പി സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ അച്യുതന്‍, പഞ്ചായത്തംഗങ്ങളായ ഒ.ആര്‍ ഹരിക്കുട്ടന്‍, ലിസി സണ്ണി,സിനി ഷാജി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍ ജയകുമാര്‍, ജൂലിയ ജെയിംസ് വിവിധ അയല്‍ക്കൂട്ട പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ക്യാപ്ഷന്‍: എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ വയോജന വ്യായാമ കേന്ദ്രം എം.എല്‍.എ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു