മിശ്രവിവാഹിതരുടെ മക്കള്‍ക്കുള്ള നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്:  തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം
കാക്കനാട്: മിശ്ര വിവാഹത്തില്‍ ജനിക്കുന്ന കുട്ടിയുടെ ജാതിക്ക് ഭരണഘടനയുടെ വകുപ്പുകള്‍ പ്രകാരം പിന്നോക്ക വിഭാഗത്തിന് നല്‍കുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി. ശിവരാജന്‍ പറഞ്ഞു. കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പിന്നോക്ക വിഭാഗ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിശ്രവിവാഹിതരുടെ മക്കള്‍ക്ക് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് വിവിധ അദാലത്തുകളില്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് കാര്യങ്ങളാണ് പരിഗണിക്കുന്നത്. ഒന്ന് കുട്ടിയുടെ വിദ്യാഭ്യാസകാലത്ത് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്ന ജാതി, രണ്ട് അച്ഛന്റെ ജാതി തന്നെ കുട്ടിയുടെ ജാതി എന്ന സുപ്രീംകോടതി വിധി, മൂന്ന് കുട്ടി ആരുടെ കൂടെയാണ് ജീവിക്കുന്നതെന്നും പിന്നോക്കാവസ്ഥയുടെ എല്ലാ സാഹചര്യങ്ങളും അനുഭവിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നുള്ള ഹൈക്കോടതി വിധി. ഹൈക്കോടതിയുടെ ഈ വിധി 2012 ല്‍ സുപ്രീംകോടതിയും അംഗീകരിച്ചതാണ്. ഇതില്‍ പ്രായോഗികമായത് ചര്‍ച്ച് ചെയ്ത് തീരുമാനിക്കും.
എന്നാല്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ പല സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കേണ്ടതിനാല്‍ കുട്ടിയുടെ പിന്നോക്ക സാഹചര്യം കണ്ടെത്തുക ബുദ്ധിമുട്ടാണ്. അതിനാല്‍ ഈ മൂന്നു സാഹചര്യങ്ങളും മുന്‍നിര്‍ത്തി പ്രായോഗികമായത് പരിശോധിച്ച് അന്തിമ തീരുമാനത്തില്‍ എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു.
ശൈവ വെള്ളാള സമുദായത്തെ ഒബിസി യില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും അദാലത്തില്‍ പരിഗണിച്ചു. ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ കിര്‍ത്താഡ്‌സിനെയും ടോട്ടം എന്ന എന്‍ജിഒയെയും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍  2016 ലെ ടോട്ടം റിപ്പോര്‍ട്ട് ഇവര്‍ക്ക് അനുകൂലവും 2018 ല്‍ കിര്‍ത്താഡ്‌സ്  സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രതികൂലവുമാണ്. ഈ സാഹചര്യത്തില്‍  എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വ്യത്യാസമുണ്ടായതെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കിര്‍ത്താഡ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അദാലത്തില്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ കിര്‍ത്താഡ്‌സ് റിപ്പോര്‍ട്ടിനെക്കുറിട്ട് എതിര്‍വാദമുണ്ടെങ്കില്‍ ഫയല്‍ ചെയ്യാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മെമ്പര്‍മാരായ വി.എ ജെറോം, മുല്ലൂര്‍ക്കര മുഹമ്മദ് അലി സഖാഫി എന്നിവര്‍ പങ്കെടുത്തു.