കൊച്ചി: ഖാദിയോടുള്ളത് വൈകാരികമായ ബന്ധമാണെന്നും അത് നമ്മുടെ ദേശീയതയെയും സംസ്‌കാരത്തെയും ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍. കേരള ഖാദി ഗ്രാമ വ്യവസായ വകുപ്പിന്റെ ഓണം-ബക്രീദ് ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജനതയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുന്ന മേഖലയാണ് കൈത്തറി. നാടിന്റെ ദേശീയത ഉയര്‍ത്തുന്നതില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഓണക്കാലത്ത് ഖാദി വസ്ത്രങ്ങള്‍ക്കുണ്ടാകുന്ന ആവശ്യകത സ്വാഭാവികമാണ്. വളരെ തുച്ഛമായ നിരക്കില്‍ മികച്ച ഗുണമേന്മയുള്ള വസ്ത്രങ്ങളാണ് ഖാദി നല്‍കുന്നത്. എല്ലാ ഉത്പന്നങ്ങള്‍ക്കും റിബേറ്റ് നല്‍കുന്നതിനാല്‍ ആദായകരമായ വില്‍പ്പനയാണ് ഖാദിയിലുള്ളത്. എല്ലാ സാധാരണക്കാര്‍ക്കും ന്യായവിലയില്‍ സാധനങ്ങള്‍ വാങ്ങാം. അത് സര്‍ക്കാര്‍ നല്‍കുന്ന വലിയൊരു സഹായമാണ്. കൈത്തറി വസ്ത്രങ്ങള്‍ക്ക് ഇന്നത്തെ കാലഘട്ടത്തില്‍ പിടിച്ചു നില്‍ക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനമാണ് റിബേറ്റ്. ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലാളികള്‍ക്കും ഒരു സംരക്ഷണ കവചം സര്‍ക്കാര്‍ ഇതിലൂടെ ഒരുക്കുകയാണ്. അതിനാലാണ് ഈ രംഗം ഒട്ടേറെ പരീക്ഷണങ്ങളെ അതിജീവിച്ച് നിലനില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ആദ്യ വില്‍പന നടത്തി. ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സോണി കോമത്ത് സമ്മാന കൂപ്പണ്‍ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ, കൊച്ചി നഗരസഭ കൗണ്‍സിലര്‍ എം.ജി അരിസ്‌റ്റോട്ടില്‍, ഖാദി ബോര്‍ഡ് സി.എ.ഒ ജി. ഹരികുമാരമേനോന്‍, ഖാദി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. ചാന്ദിനി, മാര്‍ക്കറ്റിംഗ് ഇന്‍ ചാര്‍ജ് ഡയറക്ടര്‍ ടി. ശ്യാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.