അതിഥി തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ചങ്ങാതിയുടെ സര്‍വേ ആരംഭിച്ചു. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ പ്രസിഡന്റ് സുരേഷ് മുട്ടത്തിലാണ് സര്‍വേ നടപടികള്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്ന ഏക പഞ്ചായത്താണ് കടുങ്ങല്ലൂര്‍. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സര്‍വേ നടത്തും. കണ്ടെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് സാക്ഷരതാ മിഷന്റെ സഹകരണത്തോടെ മൂന്ന് മാസത്തെ പരിശീലനം നല്‍കുകയും. പരീക്ഷ നടത്തി പാസാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. വരുന്ന മാസങ്ങളില്‍ ഇവര്‍ക്ക് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുകളും ലഭ്യമാക്കും.
പതിനേഴാം വാര്‍ഡില്‍ 60 തൊഴിലാളികളാണുള്ളത്. 300 തൊഴിലാളികളെയാണ് പഞ്ചായത്തില്‍ ആകെ പ്രതീക്ഷിക്കുന്നത്.വാര്‍ഡ് മെമ്പര്‍മാരുടെ സഹകരണത്തോടെ ഹമാരി മലയാളം എന്ന സാക്ഷരതാ മിഷന്റെ പാഠപുസ്തകം അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍. പഠനത്തോടൊപ്പം സാമൂഹികമായ വികസനവും സാംസ്‌കാരികമായ വളര്‍ച്ചയും പദ്ധതി ലക്ഷ്യമിടുന്നു.