സാമൂഹിക വനവത്ക്കരണ പ്രവർത്തനങ്ങൾ പൊതു ജനപങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ.വനം വകുപ്പ് ആലപ്പുഴ ജില്ലാ ആസ്ഥാന മന്ദിരം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേരളത്തിലെ വനമില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ.മറ്റ് ജില്ലകളിലേത് പോലെ ആലപ്പുഴയിലും സ്വാഭാവിക വനവത്ക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വനം വകുപ്പ് നടപടികൾ സ്വീകരിച്ച് വരുന്നു.

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വൃക്ഷതൈകൾ ഉൽപ്പാദിച്ച് സ്കൂളുകൾ, കോളേജുകൾ,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ സഹകരണം ഉറപ്പാക്കി വൃക്ഷവത്ക്കരണം നടപ്പാക്കും.റോഡ് സൈഡ് പ്ലാന്റിങ് വഴി വഴിയോര തണൽ പദ്ധതി നടപ്പാക്കി വരികയാണ്.സ്കൂൾ-കോളേജ് എന്നിവിടങ്ങളിൽ ഫോറസ്ട്രി ക്ലബ്‌ രൂപീകരിച്ച് വിദ്യാവനം പദ്ധതി നടപ്പാക്കി വരുന്നുണ്ട്.വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണ ബോധം ഉറപ്പാക്കാൻ ഇത് വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.


വൃക്ഷതൈകൾ വെച്ച് പിടിപ്പിക്കുന്ന സ്വകാര്യ ഭൂ ഉടമകൾക്ക് പ്രോത്സാഹനം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.ജില്ലയിൽ കണ്ടൽ തൈകൾ വെച്ച് പിടിപ്പിക്കാൻ ഭൂഉടമകൾക്ക് അവബോധം നൽകും.കണ്ടൽ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനോടൊപ്പം കാവുകളുടെ സംരക്ഷണത്തിന് ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.ജില്ലയിലെ വിവിധ വൃക്ഷവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വനവിജ്ഞാന വ്യാപന അവബോധം, തണ്ണീർതട പരിപാലന പദ്ധതി എന്നിവ നടപ്പിലാക്കും.
കടലാക്രമണം തടയുന്നതിന് ആലപ്പുഴ ബീച്ച് മുതൽ പുന്നപ്ര തീരം വരെയുള്ള 9 കിലോമീറ്ററിൽ കാറ്റാടി മരം വെച്ച് പിടിപ്പിച്ചത് വിജയമായിരുന്നു.ഇതേ മാതൃകയിൽ ചേർത്തലയിലെ അർത്തുങ്കൽ മുതൽ ആലപ്പുഴ മണ്ഡലം വരെയുള്ള 9.8കിലോമീറ്ററിൽ കടലോരത്ത് 2021-22 വർഷത്തിൽ ഒരു ലക്ഷം കാറ്റാടികൾ വെച്ച് പിടിപ്പിച്ചു.ആലപ്പുഴ ജില്ലയിലെ 11 ബ്ലോക്കുകളിലുള്ള നഴ്സറികളിലായി 11 ലക്ഷം വൃക്ഷതൈകൾ വിവിധ പഞ്ചായത്ത്‌ പ്രദേശത്ത് നട്ട് പിടിപ്പിക്കുന്നതിനായി തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.കടലാമ സംരക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ രണ്ടായിരത്തിലേറെ കടലാമ മുട്ടകൾ വിരിയിച്ച് കുഞ്ഞുങ്ങളെ കടലിൽ നിക്ഷേപിച്ചിട്ടിട്ടുണ്ട്.തണ്ണീർതട പരിപാലനത്തിന്റെ ഭാഗമായി അരൂർ മണ്ഡലത്തിലെ കാരളം തോടിന്റെ കരയിൽ 16000 കണ്ടൽ തൈകൾ വെച്ച് പിടിപ്പിക്കാനും വനം വകുപ്പിന് സാധിച്ചു.
വിവിധ വൃക്ഷവത്ക്കരണ പദ്ധതികൾക്കായി 50000 വലിയ കുട തൈകൾ,50000 പല ജാതി ചെറിയ കുട തൈകൾ,30000 തേക്ക് തൈ നേഴ്‌സറി, 15000 രാമച്ചം,20000 കണ്ടൽ തൈകൾ എന്നിവയ്‌ക്കൊപ്പം തീരദേശ വൃക്ഷ വത്ക്കരണത്തിനായി 75000 കാറ്റാടി തൈകളും വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ വനവത്ക്കരണ പ്രവർത്തനങ്ങൾ വഴി ആലപ്പുഴ ജില്ലയിലും പരിസ്ഥിതി സംരക്ഷണത്തിനായി കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കൊമ്മാടി ഫോറസ്റ്റ് കോംപ്ലക്സ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പി.പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷനായിരുന്നു.