ആലപ്പുഴ: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം. ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭാഗത്തില്‍ ആര്യാട് ബ്ലോക്ക് മൂന്നാം സ്ഥാനം നേടി.
ജില്ലാ പഞ്ചായത്തിന് അഞ്ചു ലക്ഷം രൂപയും ആര്യാട് ബ്ലോക്ക് പഞ്ചായത്തിന് മൂന്നു ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് 2020-21ലെ പുരസ്‌കാരങ്ങള്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്.
അലപ്പുഴ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തായി മാരാരിക്കുളം നോര്‍ത്ത് ഗ്രാമപഞ്ചായത്ത് (5 ലക്ഷം രൂപ) തിരഞ്ഞെടുക്കപ്പെട്ടു. പത്തിയൂര്‍ (3 ലക്ഷം രൂപ), ആര്യാട് (2 ലക്ഷം രൂപ) പഞ്ചായത്തുകള്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.
ആരോഗ്യ മേഖലയില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. കോവിഡ് പ്രതിരോധ നടപടികളിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഏറെ സജീവമായിരുന്നു. സംസ്ഥാനത്ത് ആദ്യമായി തദ്ദേശ സ്ഥാപന തലങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി ആംബുലന്‍സുകള്‍ അനുവദിച്ചത് ആലപ്പുഴ ജില്ലയിലാണ്. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലന്‍സുകള്‍ നല്‍കിയിരുന്നു.
ജില്ലാ പഞ്ചായത്ത് ആരംഭിച്ച ഹെല്പ് ഡെസ്‌ക് വഴി ടെലി മെഡിസിന്‍, ടെലി കൗണ്‍സലിംഗ്, മരുന്നുകള്‍, ഭക്ഷണം എന്നിവ എത്തിച്ച് നല്‍കുകയും ക്വാറന്റൈന്‍ സഹായം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുയും ചെയ്തു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പള്‍സ് ഓക്‌സിമീറ്റര്‍, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ എത്തിച്ചു നല്‍കാന്‍ സാധിച്ചു- പ്രസിഡന്റ് പറഞ്ഞു.
നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആര്‍ദ്രകേരളം പുരസ്‌കാരം നല്‍കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടു കൂടിയാണ് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്.
പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, മറ്റ് പ്രതിരോധ മുന്‍കരുതലുകള്‍, പ്രാവര്‍ത്തികമാക്കിയ നൂതന ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിനായി വിലയിരുത്തി.