തിരുവനന്തപുരം: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ പഞ്ചായത്തായി വി.ശശി എംഎല്‍എ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 18 വയസിന് താഴെ പ്രായമുള്ള മുഴുവന്‍ കുട്ടികളുടെയും പുരോഗതി ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
സംസ്ഥാന ബാലാവകാശ കമ്മീഷനും അഞ്ചുതെങ് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ പദ്ധതികളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത് .ആദ്യഘട്ടത്തില്‍ ബാലാവകാശ കമ്മീഷന്‍ വോളണ്ടിയര്‍മാര്‍ പഞ്ചായത്തിലെ എല്ലാ വീടുകളും സന്ദര്‍ശിച്ച് നടത്തിയ പഠനത്തിലൂടെ കുട്ടികള്‍ക്കുള്ള പരാതികളും ആശങ്കകളും ചോദിച്ചറിഞ്ഞു.തുടര്‍ന്ന് പഞ്ചായത്തിലെ 14 വാര്‍ഡുകളിലും ബാലാവകാശ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. മൂന്ന് മാസത്തിലൊരിക്കല്‍ വാര്‍ഡുതല സമിതികള്‍ യോഗം ചേര്‍ന്ന് കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണും.