കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ ഏപ്രില്‍ നാല് തിങ്കളാഴ്ച മുഖ്യ മന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഫിഷറീസ്-സാംസ്‌ക്കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. ഫിഷറീസ് ഡയറക്ടര്‍ അദീല അബ്ദുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പുതിയതായി ആരംഭിച്ച ഫിഷറീസ് സ്റ്റേഷനുകളോടൊപ്പമാണ് ജില്ലയിലെ കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുന്നത്.

നേരത്തേ തന്നെ പൂര്‍ത്തീകരിച്ച ഫിഷറീസ് സ്റ്റേഷനിലേക്ക് ഫെബ്രുവരിയില്‍ തസ്തികകള്‍ സൃഷ്ടിച്ച് തീരുമാനമായിരുന്നു.ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഫിഷറിസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍, ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ ഗ്രേഡ്- 2 എന്നിവരുടെ ഓരോ തസ്തികകളും, ഫിഷറീസ് ഗാര്‍ഡിന്റെ 3 തസ്തികകളും സൃഷ്ടിക്കും. കാഷ്വല്‍ സ്വീപ്പറെ കരാര്‍ വ്യവസ്ഥയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കാനുമാണ് അനുമതി ലഭിച്ചത്. ഫിഷറിസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി ജില്ലയ്ക്ക് 50,00,000 രൂപ അനുവദിച്ചതിനെ തുടര്‍ന്ന് കേരള തീരദേശ വികസന കോര്‍പ്പറേഷന്‍ 2016ല്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നു.

ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കടലില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കും. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വിതരണം, അവ ഉപയോഗിക്കുന്നത് ഉറപ്പാക്കുന്നതിലൂടെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കല്‍, കടല്‍ക്ഷോഭം ഉണ്ടാകുന്ന മാസങ്ങളില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിക്കല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ഫിഷറീസ് സ്റ്റേഷനില്‍ നടക്കും.സമുദ്ര മത്സ്യബന്ധന നിയമം നടപ്പാക്കുന്നതോടൊപ്പം കടല്‍ രക്ഷാ പ്രവര്‍ത്തനം, ജില്ലാ തലത്തില്‍ ഏകോപിപ്പിക്കുന്ന കാലാവവസ്ഥാ മുന്നറിയിപ്പുകള്‍ യഥാസമയം മത്സ്യ തൊഴിലാളികളിലെത്തിക്കല്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റസ്‌ക്യൂ ബോട്ടുകളുംപരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡുകളുടെ സേവനവും ഫിഷറീസ് സ്റ്റേഷനില്‍ ലഭിക്കും.

അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നും അനധികൃതമായി ധാരാളം യാനങ്ങള്‍ ജില്ലയില്‍ മത്സ്യ ബന്ധനം നടത്തി വരുന്നുണ്ടെന്നും ജില്ലയില്‍ നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇത് തടയാന്‍ സാധിക്കുന്നില്ലെന്നും ഫിഷറീസ് സ്റ്റേഷനും അനുബന്ധിച്ചുള്ള മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും പ്രവര്‍ത്തനം സാധ്യമാകുന്നതോടെ ഇത്തരം അനധികൃത മത്സ്യ ബന്ധനം പൂര്‍ണ്ണമായും തടയാന്‍ സാധിക്കുമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പി.വി സതീശന്‍ പറഞ്ഞു.