വടക്കേ മലബാറിലെ ശ്രദ്ധേയമായ ഗ്രാമങ്ങളിലൊന്നാണ് മടിക്കൈ. മടക്കുള്ള അഴിയാണ് മടിക്കൈ. ഇരുപുഴകള്‍ അല്പസ്വല്പം വളഞ്ഞ് സന്ധിക്കുന്നു എന്ന അര്‍ത്ഥത്തിന്‍ മടക്കഴി എന്ന പേരുണ്ടായതാകാമെന്നും അതില്‍ നിന്നുമാണ് മടിക്കൈ എന്നപേര് വന്നതെന്നും അഭിപ്രായമുണ്ട്. ജില്ലയുടെ തെക്ക് ഭാഗത്ത് 51.8 ചതുരശ്ര കിലോമീറ്ററില്‍ കുന്നും ചരിവുകളും വയലുകളും ചാലുകളുമായി കിടക്കുന്ന വെള്ളത്തിന്റെ മടിത്തട്ടാണ് മടിക്കൈ പഞ്ചായത്ത്. വടക്ക് അജാനൂര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്നു. തെക്ക് നീലേശ്വരം നഗരസഭയും കിനാനൂര്‍ കരിന്തളം പഞ്ചായത്തും അതിര്‍ത്തി പങ്കിടുമ്പോള്‍ കിഴക്ക് കോടോം ബേളൂര്‍, പടിഞ്ഞാറ് കാഞ്ഞങ്ങാട് നഗരസഭയും അതിര്‍ത്തികള്‍ പങ്കിടുന്നു.
ഗ്രാമങ്ങള്‍ അതിവേഗത്തില്‍ നഗരങ്ങളാകുന്ന ഈ കാലഘട്ടത്തില്‍ കാര്‍ഷിക സംസ്‌കാരം കെടാതെ ഭാവിയിലേക്ക് ഇത്തിരി വെളിച്ചം പകര്‍ന്നു നല്‍കാന്‍ മടിക്കൈയിലെ കര്‍ഷകര്‍ സദാ സന്നദ്ധരാണ്. 2011ലെ സെന്‍സസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 22050 ആണ്. മടിക്കൈ പഞ്ചായത്തിന്റെ വികസനത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത സംസാരിക്കുന്നു.
ഗ്രാമീണ റോഡുകള്‍ ഹൈടെക്
തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവര്‍ത്തിക്ക് കഴിഞ്ഞ വര്‍ഷമാണ് തുടക്കം കുറിച്ചത്. കേരളത്തില്‍ തന്നെ ആദ്യമായാണ് തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി റോഡ് വികസനത്തിന് തുടക്കം കുറിച്ചത്. മടിക്കൈ സര്‍വീസ് സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. റോഡ് നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ മുഴുവന്‍ ബാങ്ക് വഴിയാണ് സ്വീകരിച്ചത്. പിന്നീട് വര്‍ക്ക് അതാത് കമ്മിറ്റികള്‍ രൂപീകരിച്ചാണ് ചെയ്യുന്നത്. 150 മീറ്റര്‍ റോഡാണ് ആദ്യം ചെയ്യാന്‍ തുടങ്ങിയത്. ഈ വര്‍ഷം 4 റോഡുകള്‍ 150 മീറ്ററില്‍ കൂടുതല്‍ ടെണ്ടര്‍ ചെയ്തിട്ടുണ്ട്. അതിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ഫെബ്രുവരിയോടെ 45 റോഡുകള്‍ പൂര്‍ത്തിയാക്കി. ഇനിയൊരു 45 റോഡ് കൂടി നിര്‍മിക്കാന്‍ ലക്ഷ്യമുണ്ട്. ഏപ്രിലില്‍ മുതല്‍ പണി ആരംഭിക്കും.
മണ്ണിനെയും വെള്ളത്തെയും സംരക്ഷിക്കാന്‍ പദ്ധതി
മണ്ണ് ജല സംരക്ഷണത്തിനാണ് പഞ്ചായത്ത് മുന്‍തൂക്കം നല്‍കുന്നത്. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കി തണ്ണീര്‍ത്തടങ്ങളെ സംരക്ഷിച്ചുള്ള ബൃഹത്തായ പദ്ധതിക്കാണ് പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നത്. കാസര്‍കോടിന്റെ നേന്ത്രവാഴത്തോട്ടമെന്ന് വിശേഷിക്കുന്നത് മടിക്കൈയെ ആണ്. ഇത്തവണ കാലാവസ്ഥ വ്യതിയാനം കാരണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൃഷി കുറവാണ്. 8 മാസവും മഴ പെയ്തത് കൊണ്ട് കൃഷിയിറക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. ഈ വര്‍ഷം വിഎഫ് സികെയുടെ നേതൃത്വത്തില്‍ ഇടനിലക്കാരില്ലാതെ കര്‍ഷകന്റെ ഉല്‍പന്നം വിറ്റഴിക്കാനുള്ള സാഹചര്യം ഒരുക്കി.
വ്യവസായ മേഖലയും നേന്ത്രവാഴ കൃഷിയും
വ്യവസായ സംരംഭത്തിന് ജില്ലയും സംസ്ഥാനസര്‍ക്കാരും വളരെ മുന്‍തൂക്കം നല്‍കുന്നു. നേന്ത്രവാഴയില്‍ നിന്ന് എങ്ങനെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം.
മടിക്കൈയിലെ വ്യവസായ പാര്‍ക്ക്
100 ഏക്കര്‍ സ്ഥലത്താണ് വ്യവസായ പാര്‍ക്ക് വരുന്നത്. ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. മടിക്കൈ മേക്കാട്ടാണ് പാര്‍ക്കിന്റെ പ്രധാന കവാടം വരുന്നത്. ഇതിനായുള്ള സ്ഥലം വിട്ടുനല്‍കാന്‍ നാട്ടുകാര്‍ സന്നദ്ധത അറിയിച്ചുണ്ട്. മടിക്കൈ വില്ലേജിനകത്തുള്ള 96 ഏക്കര്‍ സ്ഥലവും കാഞ്ഞങ്ങാട് നഗരസഭയ്ക്ക് കീഴിലുള്ള നാലേക്കര്‍ സ്ഥലവുമാണ് വ്യവസായ പാര്‍ക്കിനായി ഏറ്റെടുത്തത്.
എത്രയും പെട്ടെന്ന് വ്യവസായ സംരംഭത്തിന് തുടക്കം കുറിക്കാന്‍ മടിക്കൈയ്ക്ക് കഴിയും. വ്യവസായ പാര്‍ക്ക് വരുന്നതോടെ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കും. സാമ്പത്തികമായും പഞ്ചായത്തിന് നേട്ടമുണ്ടാകും.
മണക്കടവ് കുടിവെള്ള പദ്ധതി
മടിക്കൈ പഞ്ചായത്തിലെ അഞ്ചായിരം കുടുംബങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുകയാണ് മണക്കടവ് കുടിവെള്ള പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. 22 കോടി ജലജീവന്‍ മിഷന്‍ ഫണ്ട് മാറ്റി വെച്ചിട്ടുണ്ട്. അതില്‍ 15% പഞ്ചായത്ത് വഹിക്കും. ബങ്കളത്ത് ഒരു കോടിയുടെ പണി പൂര്‍ത്തികരിച്ചു. മടിക്കൈയുടെ വിവിധ പ്രദേശങ്ങളിലും പണി ആരംഭിച്ചിട്ടുണ്ട്. അതിനായി ജില്ലാ കലക്ടറുടെ നിയന്ത്രണത്തില്‍ അടിയന്തിര യോഗം ചേര്‍ന്നിരുന്നു. സമയബന്ധിതമായി എല്ലാ പ്രദേശത്തും വെള്ളം എത്തിക്കാനുള്ള സംവിധാനമൊരുക്കും.
വയോജന സൗഹൃദ പഞ്ചായത്ത്
മടിക്കൈ വയോജന സൗഹൃദ പഞ്ചായത്താണ്. വയോജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായി ക്ലസ്റ്റര്‍ ലെവല്‍ ഗ്രാമസഭ വിളിച്ച് ചേര്‍ത്തു. കൂടാതെ വയോജന ക്ലബ്ബ്, വയോജന അയല്‍ക്കൂട്ടം എന്നിവ രൂപികരിച്ചിട്ടുണ്ട്. കിടപ്പു രോഗികളുടെ പരിചരണത്തിനായി പാലിയേറ്റീവ് പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നുണ്ട്. 3 പകല്‍ വീട് പഞ്ചായത്തിനകത്തുണ്ട.് അതിനു പുറമേ പകല്‍ പരിപാലനം കേന്ദ്രം തുടങ്ങാനും ലക്ഷ്യം വെക്കുന്നു.
അഭിമുഖം: എം ശ്വേത