കൊച്ചിയിൽ നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു. സംവിധായകൻ ജോഷി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം പൂർണിമ ഇന്ദ്രജിത്ത് ആദ്യ പാസും ഡെലിഗേറ്റ് കിറ്റും ഏറ്റുവാങ്ങി. ജോഷിക്കുള്ള ഡെലിഗേറ്റ് പാസ് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് സമ്മാനിച്ചു. അക്കാഡമി വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി.അജോയ്, ഡെപ്യൂട്ടി ഡയറക്റ്റർ എച് ഷാജി, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു , സംഘാടക സമിതി ജനറൽ കൺവീനർ ഷിബു ചക്രവർത്തി എന്നിവർ പങ്കെടുത്തു.
സരിത തിയേറ്ററിൽ പ്രവർത്തനം ആരംഭിച്ച ഡെലിഗേറ്റ് സെല്ലിൽ പാസ് വിതരണത്തിനായി നാല് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട് . ഐ ഡി പ്രൂഫുമായെത്തിവേണം പ്രതിനിധികൾ പാസുകൾ ഏറ്റു വാങ്ങേണ്ടത്. പ്രതിനിധികൾക്ക് സ്പോട്ട് രജിസ്‌ട്രേഷൻ ലഭ്യമാണ്. വിദ്യാത്ഥികൾക്ക് 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴു വരെയാണ് പാസ് വിതരണം ചെയ്യുന്നത്.