സോളാറില്‍ നിന്ന് വൈദ്യുതി ഉദ്പ്പാദിപ്പിക്കാൻ കൊച്ചി മെട്രോയില്‍ പുതിയ ഒരു പ്ലാന്റ് കൂടി പ്രവര്‍ത്തനം തുടങ്ങി. മുട്ടം യാര്‍ഡില്‍ 1.8 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഇതോടെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 51 ശതമാനവും സോളാറില്‍ നിന്ന് ഉദ്പ്പാദിപ്പിക്കുന്ന കമ്പനിയായി കെ.എം ആര്‍ എല്‍ മാറി.

ആവശ്യമുള്ള വൈദ്യുതി സ്വന്തമായി ഉദ്പ്പാദിപ്പിക്കുന്ന നിലയിലേക്ക് കെ.എം.ആര്‍.എല്‍ മുന്നേറുകയാണ്. സോളാര്‍ വൈദ്യുതി ഉല്‍പ്പാദനം 9.9 മെഗാവാട്ടായി ഇപ്പോള്‍ ഉയര്‍ന്നു. നിര്‍മാണം നടക്കുന്ന ബാക്കി മൂന്നാം ഘട്ട പ്ലാന്റ് കൂടി പ്രവര്‍ത്തന ക്ഷമമാകുന്നതോടെ 10.5 മെഗാവാട്ടായി ഉദ്പ്പാദനം ഉയരും. അതോടെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 55 ശതമാനവും സ്വയം ഉദ്പ്പാദിപ്പിക്കാനാകുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്റ പറഞ്ഞു.

ഏറ്റവും കൂടുതല്‍ സോളാര്‍ വൈദ്യുതി ഉദ്പ്പാദിപ്പിക്കുന്ന സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്കിടയില്‍ മുന്‍നിര സ്ഥാനമാണ് കെ.എം.ആര്‍.എല്ലിനുള്ളത്. മുട്ടം യാര്‍ഡിന് സമീപമുള്ള തരിശ് സ്ഥാലമാണ് സോളാര്‍ പാടമാക്കി മാറ്റിയത്. ട്രയിന്‍ പാളത്തിന് മുകളില്‍ വരെ പാനലുകള്‍ സ്ഥാപിച്ച് സോളാര്‍ വൈദ്യുതി ഇന്ത്യയില്‍ ആദ്യമായി ഉദ്പ്പാദിപ്പിച്ച് തുടങ്ങിയത് കൊച്ചി മേട്രോയാണ്. ഇത്തരത്തില്‍ ട്രാക്കിന് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 5.45 മെഗാവാട്ട് വൈദ്യുതി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള 1.8 മെഗാവാട്ടിന്റെ പ്ലാന്റാണ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായത്. ട്രയിന്‍ ഗതാഗതം തടസപ്പെടാതെ ട്രാക്കിന് മുകളില്‍ എഴ് മീറ്റര്‍ ഉയരത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉദ്പ്പാദിപ്പിച്ചു തുടങ്ങിയതോടെ ആകാശത്തുനിന്ന് വൈദ്യുതി ഉദ്പ്പാദിപ്പിക്കുന്ന ആദ്യ മെട്രോയായി.

ഇപ്പോഴത്തെ വൈദ്യുതി ആവശ്യത്തിന്റെ 9 ശതമാനം ഉദ്ഘാടനം ചെയ്ത പ്ലാന്റില്‍ നിന്ന് ലഭിക്കും. അനുബന്ധ റോഡുകള്‍ക്ക് സമീപം പാനലുകള്‍ സ്ഥാപിച്ച് 2.4 മെഗാവാട്ടിന്റെ വൈദ്യുതി ഉദ്പ്പാദിപ്പിക്കും. ഇതില്‍ 0.655 മെഹാവാട്ടിന്റെ പ്ലാന്റ് നിര്‍മാണം പുരോഗമിക്കുകയാണ്. അടുത്ത മാസം ഇത് കമ്മീഷന്‍ ചെയ്യും. ഇതുകൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ സോളാറില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം പ്രതിവര്‍ഷം 147.49 ലക്ഷം യൂണിറ്റ് ആയി ഉയരും. അതോടെ പ്രതിവര്‍ഷം 3.22 ലക്ഷം ടണ്‍ കാര്‍ബണ്‍ എമിഷനാണ് കുറയ്ക്കാന്‍ കഴിയുക.5.16 ലക്ഷം തേക്ക് മരങ്ങള്‍ വച്ചുപിടിപ്പിച്ചാല്‍ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ഗുണങ്ങള്‍ക്ക് തുല്യമാണ് ഇത്.

2018 ലാണ് ആദ്യ സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്.2.7 മെഗാവാട്ടായിരുന്നു ഉദ്പ്പാദന ശേഷി. പ്രതിവര്‍ഷം 37 ലക്ഷം യൂണിറ്റ് വൈദ്യുതി ഉദ്പ്പാദിപ്പിച്ചു.തുടങ്ങിയതൊടെ കെ.എം.ആര്‍.എല്ലിന്റെ വൈദ്യതി ആവശ്യത്തിന്റെ 18 ശതമാനം ഇതില്‍ നിന്ന് ലഭിച്ചു. രണ്ടാം ഘട്ടമായി 2.7 മെഗാവാട്ടിന്റെ പ്ലാന്റ് 2019 ല്‍ പ്രവര്‍ത്തനം തുടങ്ങി. ഇതില്‍ നിന്ന് പ്രതിവര്‍ഷം 44 ലക്ഷം യൂണിറ്റ് വൈദ്യുതി ഉദ്പാദിപ്പിക്കാൻ തുടങ്ങി. അതൊടെ കെ.എം.ആര്‍.എല്‍ ന് ആവശ്യമായ വൈദ്യുതിയുടെ 48 ശതമാനം സോളാറില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാനായി.