അപകടസാധ്യതയുളള കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് സീല് വെച്ചു
പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം മൂന്ന് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് അനുബന്ധമായി നില്‍ക്കുന്ന 48ഓളം വ്യാപാര കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് സീല് വെയ്ക്കാന്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും പഴക്കവും ഫിറ്റ്നസും പരിശോധിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും മുന്‍സിപ്പാലിറ്റി സെക്രട്ടറിക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌ക്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും ജില്ലാ കലക്ടര്‍ ഡി.ബാലമുരളി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ 25-ഓളം വ്യാപാരസ്ഥാപനങ്ങളാണ് ഒഴിപ്പിച്ച് സീലു വെച്ചിട്ടുളളത്. ഏഴു സ്ഥാപനങ്ങളും ബുക്ക് സ്റ്റാളും മൊബൈല്‍ കടകളുള്‍പ്പെട്ട അഞ്ച് സ്ഥാപനങ്ങളും ലോഡ്ജുകളുമാണ് തകര്‍ന്ന കെട്ടിടത്തില്‍ ഉള്‍പ്പെട്ടിരുന്നത്. അപകടത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകള്‍ കൂടി കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ചികിത്സ തേടിയ 12 പേരില്‍ അഞ്ചുപേര്‍ ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു. ബാക്കിയുളളവര്‍ സുഖം പ്രാപിച്ചു വരുന്നു. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ പൊലീസ്, ഫയര്‍ഫോഴ്സ്, ദുരന്തനിവാരണ സേനാംഗങ്ങള്‍ ചേര്‍ന്നാണ് നീക്കിയത്. തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ച രണ്ട് ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഒഴിപ്പിച്ച വ്യാപാരികളുടെ പുനരധിവാസവും കടകളുടെ പുനര്‍നിര്‍മാണവും നഗരസഭയുടെ അധീനതയില്‍ നടക്കും. സ്ഥലം എം.എല്‍.എ ഷാഫി പറമ്പില്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു.
