ജില്ലയില്‍ നിന്നും പരീക്ഷ എഴുതുന്നത് 11683 പേര്‍

സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴില്‍ നടപ്പിലാക്കുന്ന അക്ഷരലക്ഷം പദ്ധതിയിലൂടെ ജില്ലയില്‍ ഇത്തവണ പരീക്ഷ എഴുതുന്നത് 11683 പേര്‍. ആഗസ്റ്റ്അഞ്ചിന്‌ 265 പഠനകേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ എഴുതുന്നവരില്‍ 9787 പേര്‍ സ്ത്രീകളും 1896 പേര്‍ പുരുഷന്‍മാരുമാണ്. 50 വയസ്സിനു മുകളിലുള്ള 8178 പേര്‍ പരീക്ഷ എഴുതുന്നതാണ് ശ്രദ്ധേയമാകുന്നത്. 40 മാര്‍ക്കിന്റെ എഴുത്തു പരീക്ഷ, 30 വാര്‍ക്കിന്റെ വായനപരിശോധന, 30 മാര്‍ക്കിന്റെ കണക്ക് എന്നിവയാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജയിക്കാന്‍ ആവശ്യമായ മിനിമം മാര്‍ക്ക് 30 ആണ്. സംസ്ഥാന സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ പുതിയ പാഠപുസ്തകം ഉപയോഗിച്ചുള്ള ആദ്യപരീക്ഷകൂടിയാണിത്. കുഴല്‍മന്ദം ബ്ലോക്കിനു കീഴിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (3788 പേര്‍) പരീക്ഷ എഴുതുന്നത്.
സംസ്ഥാനം സമ്പൂര്‍ണ സാക്ഷരത നേടിയെങ്കിലും തുടര്‍ച്ചയായ എഴുത്തും വായനയും ഇല്ലാത്തതു മൂലമോ മറ്റു കാരണങ്ങളാലോ അക്ഷരങ്ങള്‍ മറന്നു പോയവരേയും അക്ഷരമറിയാത്തവരേയും അക്ഷരം പഠിപ്പിക്കുന്നിതിനുള്ള സംസ്ഥാന സാക്ഷരതാ മിഷന്റെ പദ്ധതിയാണ് അക്ഷരലക്ഷം. 15 വയസ്സുമുതല്‍ ആര്‍ക്കും പരീക്ഷയെഴുതാം. ഉയര്‍ന്ന പ്രായപരിധിയില്ല. ജില്ലയില്‍ 418 പഠനകേന്ദ്രങ്ങളില്‍ ഒഴിവുദിനങ്ങളിലും മറ്റും പഠിതാക്കളുടെ സൗകര്യവും കണക്കിലെടുത്താണ് ക്ലാസുകള്‍ നല്‍കിയത്. പഠിതാക്കളെ എഴുതാനും വായിക്കാനും പഠിപ്പിക്കുകയും അക്ഷരങ്ങള്‍ മറന്നു പോയവര്‍ക്ക് വീണ്ടും പഠിക്കാനും സാക്ഷരതാ പ്രേരകുമാര്‍, ടീച്ചര്‍മാര്‍ വഴി അവസരമൊരുക്കുന്നു. കൂടാതെ പ്രതികൂല സാഹചര്യങ്ങള്‍ മൂലം പഠനം നഷ്ടപ്പെട്ടവര്‍ക്ക് പഠനം ആരംഭിക്കുന്നതിനും അക്ഷരലക്ഷത്തിലൂടെ സാധിക്കുന്നു. അക്ഷരലക്ഷം പരീക്ഷ പാസായവര്‍ക്ക് നാലാം തരം തുല്യതാ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വാര്‍ഡ്തല നിരക്ഷരതാ നിര്‍മാര്‍ജന സമിതികളുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് നിരക്ഷരരെ കണ്ടെത്തിയത്. സാക്ഷരതാ പ്രേരക്മാര്‍, ആശ വര്‍ക്കര്‍മാര്‍, എസ്.ടി പ്രമോട്ടര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, തുല്യതാ പഠിതാക്കള്‍, മുന്‍ക്കാല സാക്ഷരതാ പ്രവര്‍ത്തകര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സംസ്ഥാന വ്യാപകമായി നടത്തുന്ന പരീക്ഷ രാവിലെ 10 മണിക്ക് തുടങ്ങും. പഠനകേന്ദ്രങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, സാക്ഷരതാ പ്രേരകുമാര്‍ എന്നിവര്‍ പഠിതാക്കളെ സ്വീകരിക്കും.