കുന്നുകര- വയല്‍ക്കര റോഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നത് നാടിന് ആവശ്യമാണെന്നും പശ്ചാത്തല സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കുന്നുകര- വയല്‍ക്കര റോഡിന്റെ ശിലാഫലകം അനാഛാദനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തൊട്ടാകെ 51 റോഡുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. ഇതില്‍ കുന്നുകര – വയല്‍ക്കര റോഡും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു. കോവിഡ് വ്യാപനം, മഴ തുടങ്ങിയ നിരവധി പ്രതിസന്ധികള്‍ക്കിടയിലും റോഡിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. മണ്ഡലത്തിലെ ഏറ്റെടുത്ത എല്ലാ പ്രവര്‍ത്തനങ്ങളുടെയും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. മണ്ഡലത്തിലെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതിക്കായി കിഫ്ബി വഴി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും. കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി വിപുലമായ രീതിയില്‍ പദ്ധതി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുന്ന് -കോട്ടപ്പുറം പാലത്തിന് ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്. കുത്തിയതോട്- കുണ്ടൂര്‍ പാലം നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിന് അലൈന്‍മെന്റ് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ചേര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് നാടിന്റെ വികസനം യാഥാര്‍ഥ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ എംഎല്‍എ വി.കെ ഇബ്രാഹിം കുഞ്ഞ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ്, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍, പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എം.സ്വപ്ന, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
കളമശേരി നിയോജക മണ്ഡലത്തിലെ പ്രധാന ജില്ലാപാതകളില്‍ ഒന്നാണ് കുന്നുകര- വയല്‍ക്കര റോഡ്. തടിക്കക്കടവ്- മാഞ്ഞാലി റോഡിലെ കുന്നുകര ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് വയല്‍ക്കര ജങ്കാര്‍ ജെട്ടിയില്‍ അവസാനിക്കുന്ന ഈ റോഡിന് 2.020 കിലോമീറ്റര്‍ നീളമുണ്ട്. റോഡിന്റെ ഉപരിതലം കാലപ്പഴക്കം കൊണ്ടും കാലവര്‍ഷക്കെടുതിയും മൂലം തകര്‍ന്നു കിടക്കുകയായിരുന്നു. ഒരു കോടി 38 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. റോഡിന്റെ ഉപരിതലം ബി.എം.ബി.സി നിലവാരത്തില്‍ ഉയര്‍ത്തുകയും ഓടകള്‍, കല്‍വെര്‍ട് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. റോഡ് മാര്‍കിംഗ്, സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങി സുരക്ഷാ സംബന്ധമായ ജോലികളും ഇതോടൊപ്പം പൂര്‍ത്തീകരിച്ചിട്ടുണ്ട്.