കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ 2020 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ മന്ത്രി ആന്റണി രാജു പുരസ്കാരങ്ങൾ നൽകി. രാജ്യത്തെ ചലിപ്പിക്കുന്ന ശക്തി യുവജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയം, കോവിഡ് പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ യുവാക്കളുടെ ഊർജ്ജസ്വലമായ ഇടപെടലുകളാണ് നാടിന് കരുത്ത് നൽകിയതെന്നും മന്ത്രി പറഞ്ഞു.
വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന യുവജനങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന യൂത്ത് ക്ലബ്ബുകൾക്കും യുവ ക്ലബ്ബുകൾക്കുമാണ് പുരസ്കാരം നൽകിയത്. സാമൂഹികപ്രവർത്തനം, മാധ്യമപ്രവർത്തനം, കല, സാഹിത്യം, ഫൈൻ ആർട്സ്, കായികം, കൃഷി, സംരംഭകത്വം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ വ്യക്തിഗത അവാർഡുകൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും ജില്ലകളിലെ മികച്ച യൂത്ത് -യുവ ക്ലബ്ബുകൾക്ക് 30,000 രൂപ വീതവും സംസ്ഥാനത്തെ മികച്ച യൂത്ത്-യുവ ക്ലബ്ബുകൾക്ക് 50,000 രൂപയും പ്രശസ്തിപത്രവുമാണ് നൽകിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, യൂത്ത് കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി വി.ഡി പ്രസന്നകുമാർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസർ ബി.ഷീജ എന്നിവർ പങ്കെടുത്തു.
