ഏപ്രിൽ പകുതിയോടെ സേവനം ലഭ്യമാകും
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളോജിയിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി (കാസ്പ്) സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ അർഹരായ ഗുണഭോക്താക്കൾക്ക് സൗജന്യ ചികിത്സ നൽകാൻ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ (എസ്.എച്ച്.എ.) എംപാനൽ ചെയ്തു. കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനയും ശ്രീചിത്രയിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാകും.
കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ശ്രീചിത്ര മുമ്പുണ്ടായിരുന്ന ആരോഗ്യ സുരക്ഷാ പദ്ധതികളിൽ പങ്കാളികളായായിരുന്നെങ്കിലും കാസ്പിൽ മുതൽ പങ്കാളിയല്ലായിരുന്നു. അതിനാൽ രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമല്ലായിരുന്നു. ശ്രീചിത്രയെ കാസ്പിൽ പങ്കാളിയാക്കാൻ സംസ്ഥാന സർക്കാരും എസ്.എച്ച്.എ.യും നിരന്തര ഇടപെടലുകൾ നടത്തിയിരുന്നു. കാസ്പ് പദ്ധതിയിൽ ശ്രീചിത്ര കൂടി പങ്കാളിയായതോടെ അതിനൂതനവും വളരെ ചെലവേറിയതുമായ അനേകം ചികിത്സകൾ അർഹരായ രോഗങ്ങൾക്ക് സൗജന്യമായി ലഭിക്കുന്നതാണ്. ഇതിലൂടെ നൂറോളജി, കാർഡിയോളജി രോഗങ്ങൾക്ക് ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് വലിയ ആശ്വാസമാണ് ലഭ്യമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഏപ്രിൽ രണ്ടാം വാരത്തോടെ കാസ്പ് മുഖേനയുള്ള സൗജന്യ ചികിത്സ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമാകും. ഇതിനായുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ മന്ത്രി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയ്ക്ക് നിർദേശം നൽകി. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ പ്രത്യേക കിയോസ്‌ക് ശ്രീചിത്രയിൽ സ്ഥാപിക്കും. കാസ്പിന്റെ സൗജന്യ ചികിത്സയെപ്പറ്റിയും നടപടിക്രമങ്ങളെപ്പറ്റിയും ശ്രീചിത്രയിലെ ജീവനക്കാർക്ക് വിദഗ്ധ പരിശീലനം നൽകും. കിയോസ്‌കിലെത്തുന്ന അർഹരായവർക്ക് നടപടിക്രമങ്ങൾ പാലിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കും. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് വർഷന്തോറും കാസ്പിലൂടെ ലഭിക്കുന്നത്.
സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേന കാസ്പ് വഴി 2021-22ൽ 5,27,117 ഗുണഭോക്താക്കൾക്കായി 16.13 ലക്ഷം ക്ലൈമുകളിൽ 1473 കോടി രൂപയുടെ ചികിത്സാ സഹായം നൽകി. അതിൽ 1334 കോടി രൂപയും സംസ്ഥാനമാണ് വഹിക്കുന്നത്. 139 കോടി രൂപ കേന്ദ്ര ധനസഹായമായി ലഭിച്ചിട്ടുണ്ട്. നിലവിൽ 198 സർക്കാർ ആശുപത്രികളും 452 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 650 ആശുപത്രികൾ എംപാനൽ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ കോവിഡ് ചികിത്സയ്ക്ക് വേണ്ടി 148 ആശുപത്രികളും എംപാനൽ ചെയ്തിട്ടുണ്ട്. ഈ ആശുപത്രികളിൽ നിന്നും കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനയും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴിയും ചികിത്സാ സഹായം ലഭ്യമാകും. കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ കാലാവധി ഒരു വർഷം കൂടി ദീർഘിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു.